എഐ മനുഷ്യരുടെ ജോലി കളയുമോ എന്നുള്ള ചർച്ചകൾ വ്യാപകമാണ്. പലരും പല അഭിപ്രായങ്ങളാണ് ഇതിനെപ്പറ്റി പറയുന്നതും. ഒരുഭാഗത്ത് വിപ്രോ, ടിസിഎസ്, ആമസോൺ പോലുള്ള കമ്പനികൾ എഐയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി പിരിച്ചുവിടൽ നടത്തുമ്പോൾ എഐ കാരണം മനുഷ്യരുടെ ജോലി അങ്ങനെയൊന്നും പോകില്ല എന്ന് പറയുന്ന നിരവധി കമ്പനി ഉടമകളുണ്ട്. എന്തുതന്നെയായാലും എഐ കാരണം ഇപ്പോൾ ഒരു കമ്പനി തന്നെ പ്രതിസന്ധി നേരിടുന്നുവെന്നാണ് വാർത്തകൾ. ആ കമ്പനിയാകട്ടെ, നമുക്ക് എക്കാലവും ഉപകാരപ്രദമായ ഒരു കമ്പനിയും.
വിക്കിപീഡിയയാണ് എഐ കാരണം പണി കിട്ടിയ ആ കമ്പനി. വിക്കിപീഡിയയിലേക്കുള്ള ആളുകളുടെ വരവിനെ എഐ ടൂളുകൾ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട് എന്നാണ് ‘വിക്കിമീഡിയ ഫൗണ്ടേഷൻ’ പറയുന്നത്. സ്ഥിരം വന്നുകൊണ്ടിരുന്ന ട്രാഫിക്കിൽ നിന്ന് 8% കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. എഐ ടൂളുകൾ കളംനിറഞ്ഞാൽ അതിനിയും കുറയും എന്നാണ് വിലയിരുത്തൽ.
വിക്കിമീഡിയയിലെ സീനിയർ ഡയറക്ടറായ മാർഷൽ മില്ലർ ആണ് ഇക്കാര്യം തുറന്നുപറഞ്ഞ് രംഗത്തെത്തിയത്. ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകൾ വിക്കിപീഡിയയുടെ ജോലി ഏറ്റെടുക്കുകയാണെന്നും എഐ എല്ലാ കാര്യങ്ങൾക്കും ഉത്തരം നൽകിത്തുടങ്ങിയതോടെ വിക്കിപീഡിയയിലേക്ക് ആരും വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
