ഐഎൻഎസ് വിക്രാന്തിലെ നാവികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

ദില്ലി: നാവികസേനയ്ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി. ഐഎൻഎസ് വിക്രാന്തിലെ നാവികര്‍ക്കൊപ്പമാണ് പ്രധാനമന്ത്രിയുടെ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം. ഗോവ തീരത്താണ് ഐഎൻഎസ് വിക്രാന്ത് ഇപ്പോഴുള്ളത്. സൈനിക വേഷത്തിലാണ് മോദി നാവിക ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാൻ അവസരം ലഭിച്ചത് ഭാഗ്യമെന്ന് മോദി പറഞ്ഞു. സൈനികരുടെ സമർപ്പണത്തെയും ത്യാഗത്തെയും പുകഴ്ത്തിയാണ് പ്രധാനമന്ത്രി സംസാരിച്ചത്.

ഇന്നലെ ഐഎന്എസ് വിക്രാന്തിലാണ് കഴിഞ്ഞതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്നലെ വേഗം ഉറങ്ങി, സന്തോഷത്തോടെയുള്ള ഉറക്കമായിരുന്നു. സാധാരണ അങ്ങനെയല്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഐഎൻഎസ് വിക്രാന്തിന്റെ വീര ഭൂമിയിൽ നിന്നും രാജ്യത്തെ എല്ലാവർക്കും ദീപാവലി ആശംസകൾ എന്നും ആശംസിച്ചു. എന്റെ കുടുംബം നിങ്ങളാണ്. അതുകൊണ്ട് നിങ്ങൾക്കൊപ്പമാണ് ദീപാവലി. ഐഎൻഎസ് വിക്രാന്ത് രാജ്യത്തിന്റെ പ്രതിബന്ധതയുടെ തെളിവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്വദേശി ഐഎൻഎസ് വിക്രാന്ത് ലഭിച്ച ദിവസം മുതൽ ഇന്ത്യൻ നാവിക സേന പുതിയ സന്ദേശം നല്കി. മെയ്ഡ് ഇൻ ഇന്ത്യയുടെ വലിയ സന്ദേശം. സൈനിക ക്ഷമതയുടെ പ്രതിബിംബമാണിത്. കേവലം പേര് കൊണ്ട് മാത്രം മുഴുവൻ പാക്കിസ്ഥാനെ രാത്രി മുഴുവൻ ഉണർത്തി നിർത്തിയെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.