സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; പുത്തൻ വെന്യു അടുത്തമാസം എത്തും

കോംപാക്ട് SUV വിപണിയിൽ മത്സരം കടുപ്പിക്കാൻ ഹ്യുണ്ടായി. പുത്തൻ വെന്യു അടുത്ത മാസം വിപണിയിലെത്തിക്കാനുള്ള നീക്കത്തിലാണ് കമ്പനി. നവംബർ നാലിന് വാഹനം വിപണിയിൽ‌ അവതരിപ്പിക്കും. രണ്ടാം തലമുറ വെന്യുവിന്റെ ചിത്രങ്ങളും വിവരങ്ങളും ഹ്യുണ്ടായി പുറത്തുവിട്ടിരുന്നു. സുരക്ഷയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെയാണ് വാഹനം വിപണിയിലേക്ക് എത്തിക്കുന്നത്. മാരുതി സുസുക്കിയുടെ ബ്രെസയായിരിക്കും വിപണിയിലെ മുഖ്യ എതിരാളി

നവംബർ നാലിന് വാഹനത്തിന്റെ ബുക്കിങും ആരംഭിക്കും. എക്സ്റ്റിരിയറിലും ഇന്റീരിയറിലും വൻ മാറ്റങ്ങളുമായാണ് വെന്യു എത്തുന്നത്. സുരക്ഷയുടെ കാര്യത്തിൽ, പുതിയ വെന്യുവിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്‌സി, എച്ച്എസി, ടിപിഎംഎസ്, ഓട്ടോ-ഹോൾഡ് ഫംഗ്ഷനോടുകൂടിയ ഇപിബി, 360-ഡിഗ്രി ക്യാമറ, ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, നാല് ഡിസ്‌ക് ബ്രേക്കുകൾ, എല്ലാ സീറ്റ് ബെൽറ്റുകൾക്കും ഓർമ്മപ്പെടുത്തലുള്ള ത്രീ-പോയിന്റ് സീറ്റ് ബെൽറ്റുകൾ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

2025 ഹ്യുണ്ടായി വെന്യുവിൽ ലെവൽ 2 ADAS സ്യൂട്ട്, OTA അപ്‌ഡേറ്റുകൾ, ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, 70 സവിശേഷതകളുള്ള ബ്ലൂലിങ്ക് കണക്റ്റഡ് കാർ സാങ്കേതികവിദ്യ, എട്ട് സ്പീക്കർ ബോസ് മ്യൂസിക് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഇലക്ട്രിക് സൺറൂഫ്, ബ്ലൈൻഡ് സ്‌പോട്ട് മോണിറ്ററുകൾ എന്നിവയും വാഹനത്തിൽ ഉണ്ടാകും.

രണ്ടാം തലമുറ ഹ്യുണ്ടായി വെന്യുവിന് 1.2 ലിറ്റർ NA പെട്രോൾ, 1.5 ലിറ്റർ ഡീസൽ, 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾക്കൊപ്പം അഞ്ച് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് DCT ഓട്ടോമാറ്റിക് യൂണിറ്റുകളും ലഭിക്കും. മാരുതി സുസുക്കി ബ്രെസ്സ, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ, മഹീന്ദ്ര XUV 3XO എന്നിവയ്‌ക്കെതിരെയായിരിക്കും പുതിയ വെന്യു മത്സരിക്കുക.

തലേഗാവ് പ്ലാന്റിൽ നിന്ന് പുറത്തിറങ്ങുന്ന ആദ്യത്തെ ഹ്യുണ്ടായി മോഡലാണ് പുതിയ വെന്യു. 1.7 ലക്ഷം യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയോടെ പ്ലാന്റ് പ്രവർത്തിക്കുന്നത്. ഇത് ഉടൻ തന്നെ 2.5 ലക്ഷം യൂണിറ്റായി ഉയർത്താൻ ഹ്യുണ്ടായി പദ്ധതിയിടുന്നു. ഹ്യുണ്ടായിയുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നായി വെന്യു തുടരുന്നു. 2019ലാണ് വെന്യു വിപണിയിൽ അവതരിപ്പിച്ചത്.