തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ സുനില്‍ കനഗോലുവിന്റെ ടീമും

തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ ടീമും രംഗത്ത്. കേരള ടീമിന് കനഗോലു ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തിലെത്താതിരിക്കാനാണ് നീക്കം.

നഗരസഭയിലെ മുഖ്യപ്രതിപക്ഷമെങ്കിലും ആകണം. നഗരസഭയില്‍ ബിജെപി അധികാരത്തിലെത്താരാതിരിക്കാണ് നീക്കം.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങളും തുടങ്ങി . 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ടീമിനെ നിയോഗിച്ചു. ഓരോ മണ്ഡലത്തിന് കീഴിലുള്ള നിയമസഭാ മണ്ഡലങ്ങളിലും നേരിട്ടെത്തി വിലയിരുത്തല്‍ നടത്തും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചെറിയ മാര്‍ജിനില്‍ തോറ്റ സീറ്റുകളില്‍ മുഖ്യ പരിഗണന. എല്ലാ മണ്ഡലങ്ങളിലും പഠനം നടത്തി ഡിസംബറോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സമൂഹമാധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കണമെന്നതില്‍ സുനില്‍ കനഗോലുവിന്റെ ടീമിന്റെ സഹായം ലഭ്യമാക്കുമെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. കനഗോലു ടീം കേരളത്തില്‍ കേന്ദ്രീകരിച്ച് പഠനം തുടരുകയാണ്. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കോണ്‍ഗ്രസിന് ഇപ്പോഴും പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ തലവേദനയാണ്. കെപിസിസി, ഡിസിസി പുനഃസംഘടന അനന്തമായി നീളുന്നതും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ കഴിയാത്തതും സംഘടന പ്രവര്‍ത്തനത്തിനെ ബാധിച്ചിട്ടുണ്ട്.