ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരം, സ്കൂളുകളിൽ ആർ‌എസ്‌എസ് ചരിത്രം ഉൾപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണം’; എംഎസ്എഫ്

ദില്ലി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാർത്ഥികളുടെ മനസുകളിൽ ഏകപക്ഷീയമായ ആശയങ്ങൾ അടിച്ചേൽപ്പിക്കാനും നടത്തുന്ന ദില്ലി സര്‍ക്കാരിന്‍റെ നീക്കം അപകടകരമാണെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്‍റ് പി വി അഹമ്മദ് സാജു പ്രസ്താവനയിൽ വ്യക്തമാക്കി. സ്വാതന്ത്ര്യസമരത്തിൽ ആർ‌എസ്‌എസിന് പങ്കില്ലെന്നത് ചരിത്രസത്യമാണ്. ഗാന്ധിജി, നെഹ്‌റു, സുഭാഷ്‌ ചന്ദ്രബോസ്, അംബേദ്കർ, മൗലാനാ ആസാദ് തുടങ്ങിയ മഹാന്മാരുടെ ത്യാഗങ്ങളെ അവഗണിച്ച് ആർ‌എസ്‌എസിനെ പാഠ്യപദ്ധതിയിൽ മഹത്വവൽക്കരിക്കുന്നത് ഭരണഘടന സംരക്ഷിക്കുന്ന മതേതരത്വത്തെയും ജനാധിപത്യ മൂല്യങ്ങളെയും ദുര്‍ബലപ്പെടുത്തുമെന്നും എംഎസ്എഫ് അഭിപ്രായപ്പെട്ടു.ക്ലാസ് മുറികൾ പഠനത്തിന്‍റെയും വിമർശനാത്മക ചിന്തയുടെയും ഇടങ്ങളായിരിക്കുമ്പോൾ മാത്രമേ ജനാധിപത്യത്തിന് ഉചിതമാകുവെന്നും ചരിത്രത്തെ രാഷ്ട്രീയ പ്രചാരണോപകരണമാക്കുന്ന ഈ നീക്കം സർക്കാർ ഉടൻ പിൻവലിക്കണമെന്നും എം‌എസ്‌എഫ് പ്രസ്താവയിലൂടെ ആവിശ്യപ്പെട്ടു. ദില്ലി സർക്കാർ നീക്കത്തിനെതിരെ എം എസ് എഫ് ശക്‌തമായ പ്രതിഷേധം സംഘടിപ്പിക്കും.