നാഗ്പൂര്‍: ഇറാനി കപ്പില്‍ വിദര്‍ഭയ്‌ക്കെതിരെ ഒന്നാം ഇന്നിംഗ്‌സ് ലീഡിനായി റെസ്റ്റ് ഓഫ് ഇന്ത്യ പൊരുതുന്നു. രഞ്ജി ചാമ്പ്യന്മാരായ വിദര്‍ഭയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 342നെതിരെ റെസ്റ്റ് ഓഫ് ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ചിന് 145 എന്ന നിലയിലാണ്. ഇപ്പോഴും വിദര്‍ഭയ്ക്ക് 200 റണ്‍സ് പിറകിലാണ് റെസ്റ്റ് ഓഫ് ഇന്ത്യ. ക്യാപ്റ്റന്‍ രജത് പടിധാര്‍ (42), മാനവ് സുതര്‍ (1) എന്നിവരാണ് ക്രീസില്‍. പാര്‍ത്ഥ് രെഖാതെ വിദര്‍ഭയ്ക്ക് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ, അതര്‍വ തൈഡെയുടെ (143) സെഞ്ചുറിയും യാഷ് റാത്തോഡിന്റെ (91) പ്രകടനവുമാണ് വിദര്‍ഭയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ആകാശ് ദീപ്, മാനവ് സുതര്‍ എന്നിവര്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സരണ്‍ഷ് ജെയ്‌നിന് രണ്ട് വിക്കറ്റുണ്ട്.

സുതര്‍ എന്നിവര്‍ റെസ്റ്റ് ഓഫ് ഇന്ത്യക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സരണ്‍ഷ് ജെയ്‌നിന് രണ്ട് വിക്കറ്റുണ്ട്.
മികച്ച തുടക്കമായിരുന്നു റെസ്റ്റ് ഓഫ് ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ അഭിമന്യൂ ഈശ്വരന്‍ – ആര്യന്‍ ജുയല്‍ സഖ്യം 52 റണ്‍സാണ് ചേര്‍ത്തത്. 20-ാം ഓവറില്‍ ജുയലിന്റെ വിക്കറ്റ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസിലെത്തിയ യാഷ് ദുളിന് (11) തിളങ്ങാനായില്ല. ഹര്‍ഷ് ദുബെയ്ക്കായിരുന്നു വിക്കറ്റ്. ഇതോടെ രണ്ടിന് 73 എന്ന നിലയിലായി റെസ്റ്റ് ഓഫ് ഇന്ത്യ. ഇതിനിടെ അഭിമന്യൂ ഈശ്വരന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ ഉടനെ പുറത്താവുകയും ചെയ്തു. 52 റണ്‍സ് നേടിയ താരത്തെ പാര്‍ത്ഥ് രെഖാതെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നാലെ ക്രീസിലെത്തിയ റുതുരാജ് ഗെയ്കവാദും (9) നിരാശപ്പെടുത്തി. യാഷ് താക്കൂറിനായിരുന്നു വിക്കറ്റ്. ഇഷാന്‍ കിഷന്‍ ഒരു റണ്ണുമായി മടങ്ങി. രഖാതെയാണ് കിഷനെ മടക്കിയത്. തുടര്‍ന്ന് പടിധാര്‍ – സുതര്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു.
അഞ്ചിന് 280 എന്ന സ്‌കോറിലാണ് വിദര്‍ഭ രണ്ടാം ദിനം ബാറ്റിംഗിനെത്തിയത്. ശേഷിക്കുന്ന വിക്കറ്റുകള്‍ 62 റണ്‍സിനിടെ അവര്‍ക്ക് നഷ്ടമായി. യാഷ് താക്കൂറിന്റെ (11) വിക്കറ്റാണ് ഇന്ന് വിദര്‍ഭയ്ക്ക് ആദ്യം നഷ്ടമാകുന്നത്. തുടര്‍ന്ന് ഹര്‍ഷ് ദുബെ (0) മടങ്ങി. പിന്നാലെ ദര്‍ശന്‍ നാല്‍കണ്ഡെയും (20) മടങ്ങി. അഥര്‍വ സരണ്‍ഷിന്റെ പന്തില്‍ ബൗള്‍ഡാവുക കൂടി ചെയ്തതോടെ വിദര്‍ഭയ്ക്ക് പിന്നീടൊന്നും ചെയ്യാന്‍ സാധിച്ചില്ല. ആദിത്യ താക്കറെയാണ് (2) പുറത്തായ മറ്റൊരു താരം. പാര്‍ത്ഥ് രെഖാതെ (1) പുറത്താവാതെ നിന്നു.
ആദ്യ ദിനം യാഷ് റാത്തോഡിന് പുറമെ അമന്‍ മൊഖാഡെ (19), ധ്രുവ് ഷോറെ (18), ഡാനിഷ് മലേവാര്‍ (0), ക്യാപ്റ്റന്‍ അക്ഷയ് വഡ്കര്‍ (5) എന്നിവരുടെ വിക്കറ്റുകളും വിദര്‍ഭയ്ക്ക് നഷ്ടമായിരുന്നു. ഭേദപ്പെട്ട തുടക്കമായിരുന്നു വിദര്‍ഭയ്ക്ക്. ഒന്നാം വിക്കറ്റില്‍ അഥര്‍വ – അമന്‍ സഖ്യം 40 റണ്‍സ് ചേര്‍ത്തിരുന്നു. അകാശ് ദീപാണ് റെസ്റ്റ് ഓഫ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കുന്നത്. വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച്. തുടര്‍ന്ന് അഥര്‍വ – ഷോറെ സഖ്യം 40 റണ്‍സ് കൂടി കൂട്ടിചേര്‍ത്തു. കൂട്ടുകെട്ട് നന്നായി മുന്നോട്ട് പോകുന്നതിനിടെ സുതര്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഒരു ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ സുതര്‍ സ്വന്തമാക്കി. ഷോറെയെ ബൗള്‍ഡാക്കിയ സുതര്‍, അതേ ഓവറില്‍ അഞ്ചാം പന്തില്‍ മലേവാറിനെ കിഷന്റെ കൈകളിലേക്ക് അയക്കുകയും ചെയ്തു.
മൂന്നിന് 80 എന്ന നിലയിലേക്ക് വീണ വിദര്‍ഭയെ തൈഡേ – യാഷ് സഖ്യമാണ് കരകയറ്റിയത്. ഇരുവരും 194 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ സെഞ്ചുറിക്കരികെ റാത്തോഡ് വീണു. സുതറിന്റെ പന്തില്‍ ഗുര്‍നൂര്‍ ബ്രാറിന് ക്യാച്ച് നല്‍കിയാണ് റാത്തോഡ് മടങ്ങുന്നത്. ഒരു സിക്സും ആറ് ഫോറും ഉള്‍പ്പെടുന്നതാണ് ഇന്നിംഗ്സ്. തുടര്‍ന്നെത്തിയ വഡ്കര്‍ക്ക് പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ആകാശ് ദീപിന്റെ പന്തില്‍ കിഷന് ക്യാച്ച് നല്‍കിയാണ് വിദര്‍ഭയുടെ വിക്കറ്റ് കീപ്പര്‍ കൂടിയായ വഡ്കര്‍ മടങ്ങുന്നത്. തുടര്‍ന്ന് ക്രീസിലെത്തിയ താക്കൂര്‍, അഥര്‍വയ്ക്കൊപ്പം ആദ്യ ദിനം വിക്കറ്റ് പോവാതെ കാത്തു.
