വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 2 കിലോ മുടി

വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതി, ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 2 കിലോ മുടി

ലഖ്‌നൗ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ 2 കിലോ മുടി. ശസ്ത്രക്രിയക്ക് ശേഷം മുടി പൂര്‍ണമായും നീക്കം ചെയ്തു.

നിലവില്‍ പെണ്‍കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

സുഭാഷ് നഗറിലെ കര്‍ഗൈനയില്‍ നിന്നുള്ള 21കാരിയുടെ വയറ്റിലാണ് 2 കിലോ മുടി കണ്ടെത്തിയത്. യുവതിക്ക് കഴിഞ്ഞ 5 വര്‍ഷത്തോളമായി കടുത്ത വയറുവേദനയുണ്ട്.

പല ഡോക്ടര്‍മാരെയും മാറി മാറി കാണിച്ചെങ്കിലും വയറുവേദന കുറഞ്ഞില്ല. ഒടുവില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് സി ടി സ്‌കാന്‍ ചെയ്യാന്‍ നിര്‍ദേശിച്ചത്. അങ്ങനെയാണ് വയറ്റില്‍ മുടിക്കെട്ടുള്ളതായി കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് വയറ്റില്‍ മുടി എങ്ങനെയെത്തിയെന്ന് അറിവുണ്ടായിരുന്നില്ല. പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് കഴിഞ്ഞ 16 വര്‍ഷമായി രഹസ്യമായി മുടി തിന്നാറുണ്ടെന്ന് സമ്മതിച്ചത്. ട്രൈക്കോഫാഗിയ എന്നു പറയുന്ന അവസ്ഥയാണ് കുട്ടിക്ക് ഉണ്ടായിരുന്നതെന്നും ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ കൗണ്‍സിലിങ് നല്‍കിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. സ്വന്തം മുടിയിഴകള്‍ കഴിക്കുന്ന മാനസികാവസ്ഥയാണ് ട്രൈക്കോഫാഗിയ. ഇതിലൂടെ രോഗിക്ക് ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ വരുന്ന ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.