ഭോപ്പാൽ: ക്രിസ്മ‌സ് ദിനത്തിൽ സാന്താ ക്ലോസിന്റെ വേഷത്തിലെത്തിയ സൊമാറ്റോ ഡെലിവറി ഏജന്റിൻ്റെ വേഷം അഴിപ്പിച്ച് ഹിന്ദു സംഘടന. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് ‘ഹിന്ദു ജാഗ്രൺ മഞ്ച് എന്ന സംഘടന ഡെലിവറി ഏജന്റിൻ്റെ സാന്താ ക്ലോസ് വേഷം അഴിപ്പിച്ചത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിലടക്കം പ്രചരിക്കുന്നുണ്ട്.

ഹിന്ദു ജാഗ്രൺ മഞ്ചിൻ്റെ ജില്ലാ കൺവീനർ സുമിത് ഹർദ്ദിയ ആണ് ഡെലിവറി ഏജന്റിനെ ചോദ്യം ചെയ്തത്. സാന്താ ക്ലോസിൻ്റെ വസ്ത്രം അണിഞ്ഞാണോ ഡെലിവറി ചെയ്യുന്നത് എന്ന് ചോദിച്ചായിരുന്നു സുമിത് ഏജന്റിന്റെ അരികിലെത്തിയത്. ഈ സമയം ബൈക്കിൽ ഇരിക്കുകയായിരുന്നു സൊമാറ്റോ ജീവനക്കാരൻ. ചോദ്യത്തിന് ഏജന്റ്റ് അതേയെന്ന് തലകുലുക്കി. ദീപാവലി ദിനത്തിൽ രാമൻറെ വേഷത്തിൽ പോകുമോ എന്നായിരുന്നു ഹിന്ദു സംഘടനാ

നേതാവിന്റെ അടുത്ത ചോദ്യം. ‘ഇല്ല. കമ്പനിയാണ് സാന്താ ക്ലോസിന്റെ വേഷം നൽകിയത്’- എന്നായിരുന്നു ഏജൻ്റിൻ്റെ മറുപടി.

തുടർന്ന് സമീപത്ത് നിൽക്കുകയായിരുന്ന മറ്റ് ഡെലിവറി ഏജൻ്റുമാർ എന്തുകൊണ്ട് സാന്താ ക്ലോസിന്റെ വേഷം ധരിച്ചില്ല എന്ന് സുമിത് ഹർദ്ദിയ ചോദിക്കുന്നു. അവർക്ക് കമ്പനി വേഷം നൽകി കാണില്ല എന്ന് ഏജന്റ്റ് മറുപടി നൽകുന്നു. തുടർന്ന് ഏജൻ്റിൻ്റെ പേര് ചോദിച്ചതും ഹിന്ദു ആണെന്ന് മനസിലാക്കിയതോടെ യുവാവിനോട് ബൈക്കിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും സാന്താ ക്ലോസിന്റെ വേഷം അഴിപ്പിക്കുകയായിരുന്നു.

നമ്മൾ ഹിന്ദുക്കളാണ്, എന്ത് സന്ദേശമാണ് നമ്മൾ കുട്ടികൾക്ക് നൽകുന്നത്? നിങ്ങൾ സാന്താ ക്ലോസിന്റെ മാത്രം വേഷം അണിഞ്ഞാൽ എന്ത് സന്ദേശമാണ് നൽകുന്നത്? നിങ്ങൾക്ക് ശരിക്കും സന്ദേശം നൽകണമെന്നുണ്ടെങ്കിൽ ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ വേഷം കൂടി അണിയൂ. കൂടുതൽ ആഹാരവും ഹിന്ദുക്കൾക്കാണ് ഡെലിവറി ചെയ്യുന്നത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. പിന്നെ എന്തുകൊണ്ടാണ് കമ്പനി ഇത്തരം വേഷങ്ങൾ ഏജന്റുമാർക്ക് നൽകുന്നത്? ഹനുമാൻ ജയന്തി, രാം നവമി, ദീപാവലി തുടങ്ങിയവയ്ക്ക് അവർ കാവി വസ്ത്രം അണിയാറുണ്ടോ? ഇത്തരം വസ്ത്രങ്ങൾ ഏജന്റുമാർക്ക് നൽകുന്നതിന് പിന്നിൽ കമ്പനികളുടെ ഉദ്ദേശമെന്താണ്?’- ഹിന്ദു ജാഗ്രൺ മഞ്ച് നേതാവ് ചോദിക്കുന്നത് ദൃശ്യങ്ങളിൽ കേൾക്കാം.