കോട്ടയം സ്‌കൂൾ വിദ്യാർഥികൾക്കിടയിൽ മുണ്ടിനീര് രോഗം വ്യാപിക്കുന്നു. വായുവിൽക്കൂടി പകരുന്ന വൈറസ് രോഗമായതിനാൽ പല സ്കൂളുകളിലും വിദ്യാർഥികൾക്കിടയിൽ രോഗബാധ വ്യാപകമാണ്. ദിവസേന അൻപതിലേറെ പേർക്ക് ജില്ലയിൽ രോഗബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്കോട്ടയത്തും, തിരുവനന്തപുരം ജില്ലയിലും രോഗം വ്യാപകമാകുന്നു .തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ രണ്ടു ഡോക്ടർമാർക്കും ഇതിനിടെ രോഗം ബാധിച്ചു. ഒ.പി.യിൽ ചികിത്സയ്ക്കെത്തിയവരിൽനിന്നു രോഗം പകർന്നതാണെന്നാണ് വിലയിരുത്തൽ. പത്തുദിവസത്തിലേറെ ഡോക്‌ടർമാർ വിശ്രമത്തിലായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി മേഖലകളിൽ വിദ്യാർഥികളിൽ വ്യാപകമായി രോഗം പകരുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനം കാരണം പുതിയ ഇനം വൈറസാണ് പകരുന്നതെന്നാണ് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നത്. പുതിയ വകഭേദമായതിനാൽ രോഗത്തിൻ്റെ തീവ്രതയിലും വ്യത്യാസമുണ്ട്. സാധാരണയായി പത്തുവയസ്സ് വരെയുള്ള കുട്ടികളെ ബാധിക്കുന്ന രോഗമാണ് മുതിർന്നവരിലേക്കും പകരുന്നത്.
ഉമിനീർ ഗ്രന്ഥികളിലുണ്ടാകുന്ന വീക്കമാണ് മുണ്ടിനീര് അഥവാ മംപ്സ് എന്നത്. മുൻപ് കുട്ടികൾക്ക് ഇതിനെ ചെറുക്കുന്നതിനുള്ള് പ്രതിരോധ കുത്തിവെയ്‌പ് നൽകിയിരുന്നു. എട്ടു വർഷമായി വാക്‌സിൻ നൽകുന്നില്ല. കേൾവി തകരാറിന് കാരണമാകുന്നതിനാൽ മുണ്ടിനീരിനുള്ള ചികിത്സ വൈകാൻ പാടില്ല. തലച്ചോറിലേക്ക് വ്യാപിച്ചാൽ രോഗം സങ്കീർണമാകും.