നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അമ്മുവിന്റെ മരണം: കോളെജ് അധികൃതരുടെ വാദം തള്ളി കുടുംബം

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ കോളേജ് അധികൃതരുടെ വാദം തള്ളി കുടുംബം.

വിദ്യാര്‍ത്ഥികള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കോളേജില്‍ വച്ചു തന്നെ പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടുവെന്ന പ്രിന്‍സിപ്പലിന്റെയും ക്ലാസ് ടീച്ചറിന്റെയും ന്യായീകരണം കള്ളമാണെന്നും കോളേജിലും ഹോസ്റ്റലിലും അമ്മുവിനെ സഹപാഠികള്‍ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അമ്മുവിന്റെ കുടുംബം ആരോപിച്ചു.

അമ്മുവിന്റെ അച്ഛന്റെ പരാതി പരിഗണിച്ച്‌ പ്രശ്‌ന പരിഹാരത്തിനായി, കോളേജിന്റെ ഭാഗത്ത് നിന്നുള്ള നടപടികളെല്ലാം പൂര്‍ത്തിയാക്കിയിരുന്നുവെന്നാണ് ചുട്ടിപ്പാറ എസ്‌എംഇ നഴ്‌സിങ് കോളേജ് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നം ക്ലാസില്‍ തന്നെ പറഞ്ഞു തീര്‍ത്തുവെന്ന് ക്ലാസ് ടീച്ചറും പറയുന്നു. എന്നാല്‍, ഈ ന്യായീകരണങ്ങളെ പൂര്‍ണ്ണമായും തള്ളുകയാണ് അമ്മുവിന്റെ കടുംബം. പരാതി പൂര്‍ണമായും പരിഹരിക്കുന്നതില്‍ കോളേജ് അധികൃതര്‍ പരാജയപ്പെട്ടുവെന്ന് അമ്മുവിന്റെ സഹോദരന്‍ അഖില്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ ഒന്നും പരിഹരിച്ചിരുന്നില്ല. അവരുടെ കാര്യങ്ങള്‍ പുറത്തുവരും എന്ന് പേടിച്ച്‌ അവളെ കൊന്നതാണെന്നും അഖില്‍ ആരോപിച്ചു.

ജീവിതത്തെ ഏറെ പ്രതീക്ഷയോടെ നോക്കി കണ്ടിരുന്ന മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും അമ്മ രാധാമണി പറഞ്ഞു.ഇതിനിടെ, വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണ സമിതി രൂപീകരിച്ചു. ആരോഗ്യ സര്‍വകലാശാല വി.സി ഡോ. മോഹന്‍ കുന്നുമ്മേലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുക. നാലംഗ സമിതിയാണ് രൂപീകരിച്ചത്.