തിരുവനന്തപുരം: തുടര്‍ച്ചയായി മുഖ്യമന്ത്രിയ്ക്ക് എതിരേയും പാര്‍ട്ടിക്കെതിരേയും ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്ന അന്‍വറിന് പിന്നാലെ പോകേണ്ടെന്നും പകരം പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകള്‍ക്ക് സജ്ജമാകാനും സിപിഐഎം സംസ്ഥാന സമിതിയില്‍ തീരുമാനം.
പി.വി. അന്‍വറിനെതിരേ കടുത്ത വിമര്‍ശനം ഉയര്‍ത്തിയ സംസ്ഥാന സമിതി മുസ്‌ളീംകേന്ദ്രീകരണമാണ് അന്‍വര്‍ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.
അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അന്വേഷണം നടക്കുകയാണ് അതിന്റെ റിപ്പോര്‍ട്ട് പുറത്തുവരട്ടെയെന്നും തല്‍ക്കാലം അന്‍വറിനെ വിടാനുമാണ് തീരുമാനം. മുസ്ലിം കേന്ദ്രീകരണം ആഗ്രഹിക്കുന്നവര്‍ അന്‍വറിനെ വിലയ്ക്കെടുത്തു എന്നും സിപിഐഎം സംസ്ഥാന സമിതി വിലയിരുത്തി. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കാനും സിപിഐഎം സംസ്ഥാന സമിതിയില്‍ തീരുമാനമായി. പ്രഖ്യാപനം അടുത്തയാഴ്ച നടത്താനാണ് തീരുമാനം.
തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് നടത്താന്‍ ജില്ലാ കമ്മിറ്റികളോട് സിപിഐഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടു. അതേസമയം നാളെ മഞ്ചേരിയില്‍ നടത്തുന്ന വിശദീകരണയോഗത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കാനാണ് അന്‍വറിന്റെ നീക്കം. പുതിയ പാര്‍ട്ടിയുമായി സിപിഐഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ കൂടുതല്‍ ആഞ്ഞടിക്കാനാണ് അന്‍വറിന്റെ തീരുമാനം. ചേലക്കരയില്‍ നിയമസഭാ മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ യു ആര്‍ പ്രദീപ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത.