ഭാര്യയ്ക്ക് സമ്മാനിച്ച ഫോണ് അവര് ഉപയോഗിച്ചുതുടങ്ങി ഏതാനുംദിവസങ്ങള്ക്കുള്ളിലാണ് ഗുജറാത്ത് പോലീസ് ഇവരുടെ വീട്ടിലെത്തിയത്.
ഭാര്യയ്ക്ക് ഒരു പുതിയ മൊബൈൽഫോൺ സമ്മാനിച്ചതാണ് കൊൽക്കത്ത സാൾട്ട്

ലേക്ക് സ്വദേശിയായ അഭിഭാഷകൻ. ഏറെ സന്തോഷത്തോടെ ഭാര്യ അത് സ്വീകരിക്കുകയുംചെയ്തു. എന്നാൽ, ഫോൺ ഉപയോഗിച്ചുതുടങ്ങി ദിവസങ്ങൾക്കുള്ളിൽ ദമ്പതിമാരെ തേടി വീട്ടിലെത്തിയത് ഗുജറാത്ത് പോലീസായിരുന്നു. വിവാഹവാർഷിക സമ്മാനമായ ആ മൊബൈൽഫോണിനായാണ് പോലീസും വീട്ടിലെത്തിയത്. ഇതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടെന്ന് ദമ്പതിമാർക്കും ബോധ്യപ്പെട്ടത്.
സൈബർ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണാണെന്ന് പറഞ്ഞാണ് ഗുജറാത്ത് പോലീസ് അഭിഭാഷകൻ ഭാര്യയ്ക്ക് സമ്മാനിച്ച പുതിയ ഫോൺ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. എന്നാൽ, കടയിൽനിന്ന് പുതിയ ഫോണെന്ന് പറഞ്ഞാണ് ഇത് നൽകിയതെന്നും പെട്ടിപൊട്ടിയ്ക്കാത്തനിലയിലാണ് ഫോൺ കിട്ടിയതെന്നും അഭിഭാഷകനും പറഞ്ഞു.
49,000 രൂപയ്ക്ക് കൊൽക്കത്തയിലെ ഒരു കടയിൽനിന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അഭിഭാഷകൻ ഫോൺ വാങ്ങിയത്. ജിഎസ്ടി ഉൾപ്പെടെ രേഖപ്പെടുത്തിയ ബില്ലും കടയിൽനിന്ന് നൽകിയിരുന്നു. എന്നാൽ, ഭാര്യയ്ക്ക് സമ്മാനിച്ച ഫോൺ അവർ ഉപയോഗിച്ചുതുടങ്ങി ഏതാനുംദിവസങ്ങൾക്കുള്ളിലാണ് ഗുജറാത്ത് പോലീസ് ഇവരുടെ വീട്ടിലെത്തിയത്.
സൈബർ കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽഫോണാണിതെന്നും ഈ ഫോണിന്റെ ഐഎംഇഐ നമ്പർ കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോണിന്റെ അതേ നമ്പറാണെന്നുമാണ് പോലീസ് ഭാഷ്യം. ഇതോടെ ദമ്പതിമാരും കൊൽക്കത്ത പോലീസിൽ പരാതി നൽകി. ഉപയോഗിച്ച ഫോൺ പുതിയതാണെന്ന് പറഞ്ഞ് കച്ചവടക്കാരൻ കബളിപ്പിച്ചെന്നായിരുന്നു ദമ്പതിമാരുടെ പരാതി.
തുടർന്ന് കച്ചവടക്കാരനെ വിളിപ്പിച്ച് പോലീസ് ചോദ്യംചെയ്തെങ്കിലും വിതരണക്കാരനിൽനിന്ന് വാങ്ങിയ പുതിയ ഫോണാണെന്നായിരുന്നു ഇയാളുടെയും മൊഴി. ഫോൺ നേരത്തേ ഉപയോഗിച്ചിട്ടില്ലെന്നും ഇയാൾ പറഞ്ഞു. കടയിലെ രേഖകൾ പരിശോധിച്ചപ്പോൾ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്നും ഇനി മൊബൈൽഫോൺ കടയിലേക്ക് നൽകിയ വിതരണക്കാരനെ ചോദ്യംചെയ്യാനായി വിളിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അതിനിടെ, പോലീസ് കസ്റ്റഡിയിലെടുത്ത മൊബൈൽഫോൺ ഫൊറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫോൺ നേരത്തേ ഉപയോഗിച്ചിരുന്നോ എന്നതടക്കം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. പഴയ ഫോണുകൾ പുതിയതാണെന്ന് പറഞ്ഞ് വിൽപ്പന നടത്തുന്ന സംഘങ്ങളുണ്ടോയെന്നും പോലീസ് പരിശോധിച്ചുവരികയാണ്
