പൃഥ്വിരാജിന് നായികയായി കാജോൾ, പക്ഷെ കിളി പോയത് ആ നടനെ കണ്ടപ്പോൾ; സർസമീൻ ഫസ്റ്റ് ലുക്ക് ഔട്ട്

രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്ന ഒരു കർക്കശക്കാരനായ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്

കാജോളും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന പുതിയ ചിത്രം സര്‍സമീനിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പങ്കുവെച്ച് അണിയറപ്രവർത്തകർ. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മിക്കുന്നത്. ജൂലൈ 25 നാണ് സിനിമ റിലീസ് ചെയ്യുന്നത്.



ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ പൃഥ്വിരാജിനേക്കാൾ അത്ഭുതപ്പെടുത്തിയിരിക്കുന്നത് സെയ്ഫ് അലി ഖാന്റെ മകനായ ഇബ്രാഹിം ആണ്. സിനിമയിൽ വില്ലൻ വേഷത്തിലാണ് ഇബ്രാഹിം എത്തുന്നത്. നാദാനിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഇബ്രാഹിം വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിരുന്നത്. ഈ സിനിമയുടെ റിലീസിന് പിന്നാലെ ഇബ്രാഹിമിന് ലഭിച്ചത് വമ്പൻ ട്രോളുകളാണ്, ഇവന് അഭിനയിക്കാൻ അറിയില്ലെന്ന് വരെ സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ സർസമീന്റെ ഫസ്റ്റ് ലുക്കിന് പിന്നലെ കിളി പോയി ഇരിക്കുകയാണ് പ്രേക്ഷകർ. ഗെറ്റപ്പിലും കാഴ്ചയിലും എല്ലാം തികഞ്ഞ വില്ലൻ എന്നാണ് ഇബ്രാഹിനെ പ്രേക്ഷകർ പറയുന്നത്.

അതേസമയം, രാഷ്ട്രത്തിന് പ്രഥമ പരിഗണന നൽകുന്ന ഒരു കർക്കശക്കാരനും സത്യസന്ധനുമായ സൈനിക ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. കഥ നടക്കുന്നത് ജമ്മു കശ്മീരിലാണെന്നാണ് അനൗണ്‍സ് വീഡിയോ നല്‍കുന്ന സൂചന. ‘ജന്മനാടിന്റെ സുരക്ഷയേക്കാള്‍ വലുതായി ഒന്നുമില്ല’ എന്ന പൃഥ്വിരാജിന്റെ ഡയലോഗും വീഡിയോയിലുണ്ട്. ചിത്രമൊരു ആക്ഷന്‍ ത്രില്ലറായിരിക്കുമെന്ന് വ്യക്തമാണ്.