ബസുകളില്‍ പുതിയ സംവിധാനം സ്ഥാപിച്ച് തുടങ്ങി; എല്ലാ യാത്രക്കാര്‍ക്കും സൗജന്യമായി ഉപയോഗിക്കാം

തിരുവനന്തപുരം: ഡിജിറ്റലൈസേഷന്‍ ഉള്‍പ്പെടെ സമഗ്രമായ മാറ്റങ്ങളുമായി മുന്നേറുകയാണ് കെഎസ്ആര്‍ടിസി. മാറ്റത്തിന്റെ പാതയില്‍ ഇപ്പോഴിതാ പുതിയ സംവിധാനം പ്രാവര്‍ത്തികമാകുകയാണ്. യാത്രക്കാര്‍ക്ക് മാലിന്യമിടാന്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കുന്ന പ്രക്രിയ ആരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാര്‍ക്ക് മാലിന്യമിടാന്‍ വേസ്റ്റ് ബിന്‍. പ്ലാസ്റ്റിക് കുപ്പി, കവറുകള്‍ തുടങ്ങിയവയെല്ലാം ഇതിലിടാം. സര്‍വീസ് അവസാനിക്കുന്ന ഡിപ്പോയില്‍ മാലിന്യം എടുത്തുനീക്കും. മാലിന്യം വലിച്ചെറിയരുത് എന്ന് ബസ്സില്‍ എഴുതിവയ്ക്കും. വേസ്റ്റ് ബിന്‍ ബസില്‍ സ്ഥാപിച്ചുതുടങ്ങി.

ഡിപ്പോകളില്‍ ബിന്നും മാലിന്യ സംസ്‌കരണ സംവിധാനങ്ങളും സജ്ജമാക്കും. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമാണിത്. വിവിധ ഡിപ്പോകളില്‍നിന്ന് 104 ടണ്‍ മാലിന്യം ക്ലീന്‍ കേരള കമ്പനി നീക്കി. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി സിസിടിവി കാമറകളും സ്ഥാപിച്ചുതുടങ്ങി.

പരിസരം മാലിന്യമുക്തമായതോടെ 85 ഡിപ്പോകള്‍ക്ക് ശുചിത്വമിഷന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഏഴ് ഡിപ്പോകള്‍ക്ക് കൂടി സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരുകയാണ്.