അവസാനനിമിഷത്തിലും സ്നേഹിക്കുന്നു; മരണത്തിന് ഉത്തരവാദി ഭാര്യയും ബന്ധുവും’; 41-കാരൻ ജീവനൊടുക്കി

മുംബൈ: ഭാര്യയും ബന്ധുവും ചേർന്ന് ഉപദ്രവിച്ചുവെന്ന് ആരോപിച്ച് യുവാവ് ജീവനൊടുക്കി. നിഷാന്ത് ത്രിപാഠി(41) ആണ് താൻ ജോലി ചെയ്‌തിരുന്ന കമ്പനി വെബ്സൈറ്റിൽ ആത്മഹത്യാക്കുറിപ്പ് പങ്കുവെച്ച ശേഷം ജീവനൊടുക്കിയത്. ഭാര്യയും അവരുടെ ബന്ധുവായ സ്ത്രീയുമാണ് തൻ്റെ മരണത്തിന് ഉത്തരവാദിയെന്ന് കുറ്റപ്പെടുത്തുന്ന കുറിപ്പും നിഷാന്തിൻ്റെ മുറിയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്‌ച മുംബൈയിലെ സഹാറ ഹോട്ടലിൽ മുറിയെടുത്തതായിരുന്നു നിഷാന്ത്. തുടർന്ന്, തന്നെ ശല്യപ്പെടുത്തരുതെന്ന് ഹോട്ടൽ ജീവനക്കാരോട് ആവശ്യപ്പെട്ടു. ദിവസങ്ങൾക്ക് ശേഷവും നിഷാന്തിനെ പുറത്തുകാണാതായതോടെ ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്, ഉടൻ തന്നെ ഇവർ പോലീസിൽ അറിയിക്കുകയും ചെയ്തു.

കമ്പനി വെബ്സൈറ്റിൽ പങ്കുവെച്ച കുറിപ്പിൽ നിഷാന്ത് തൻ്റെ ഭാര്യയോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നുണ്ട്. കുറിപ്പ് വായിക്കുമ്പോഴേക്കും താൻ മരിച്ചിരിക്കും. അവസാനനിമിഷത്തിലും ഭാര്യയെ സ്നേഹിക്കുന്നതായും നിഷാന്ത് കുറിപ്പിൽ പറയുന്നു. അതേസമയം, ഭാര്യയും അവരുടെ ബന്ധുവുമാണ് തൻ്റെ മരണത്തിന് ഉത്തരവാദികളെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

സംഭവത്തിൽ, നിഷാന്തിൻ്റെ ഭാര്യ അപൂർവ പരീഖിനും ബന്ധു പ്രാർഥന മിശ്രയ്ക്കുമെതിരേ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. നിഷാന്തിന്റെ അമ്മ നീലം ചതുർവേദിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്

ഇവർക്കെതിരായ നടപടി. ഇതുവരെ ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ

‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)