ഭാര്യയുടെ തല തിളച്ച കഞ്ഞിയിൽ മുക്കിപ്പിടിച്ച് കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തൃശ്ശൂർ: തിളച്ച കഞ്ഞിയിലേക്ക് ഭാര്യയുടെ തല മുക്കിപ്പിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. കുറ്റിച്ചിറ വെട്ടിക്കുഴി പുലികുന്നേൽ വീട്ടിൽ ഡെറിനെ(30)യാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഫെബ്രുവരി മൂന്നാംതീയതിയായിരുന്നു കേസിനാസ്‌പദമായ സംഭവം.

ഭാര്യ സ്വന്തം വീട്ടിലേക്ക് പോകണമെന്ന് പറഞ്ഞതിനെത്തുടർന്നായിരുന്നു ഡെറിന്റെ അക്രമം. മദ്യപിച്ചെത്തിയ പ്രതി ഭാര്യയെ ആക്രമിക്കുകയും മുഖത്തടിക്കുകയുംചെയ്‌തു. തുടർന്ന് കഴുത്ത് ഞെക്കിപ്പിടിച്ച് അടുക്കളയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയശേഷം തിളച്ചിരിക്കുകയായിരുന്ന കഞ്ഞിയിലേക്ക് തല മുക്കിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ഗുരുതരമായി പരിക്കേറ്റ യുവതി ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഡെറിനെ ചായ്‌പ്പൻകുഴിയിൽനിന്നാണ് പോലീസ് പിടികൂടിയത്. വെള്ളിക്കുളങ്ങര സ്റ്റേഷൻ ഇൻസ്പെക്ടർ കെ.കൃഷ്‌ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ആറ് ക്രിമിനൽകേസുകളിൽ പ്രതിയാണെന്നും പോലീസ് പറഞ്ഞു.