15 ദിവസത്തിനിടെ 4 ദുബായ് യാത്ര, കടത്തിയത് 14.8 കിലോ സ്വർണം; ശരീരത്തിൽ ചുറ്റിയ ബെൽറ്റിൽ ഒളിപ്പിച്ച നിലയിൽ 14 കിലോ വരുന്ന സ്വർണ ബാറുകളും 800 ഗ്രാം സ്വർണാഭരണങ്ങളും; ബംഗളുരുവിൽ അറസ്റ്റിലായ നടി രന്യ റാവു കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകൾ

ബെംഗളൂരു: കേരളത്തിലെ വിമാനത്താവളങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത്് കുറഞ്ഞത് അടുത്തകാലത്താണ്. കേന്ദ്രസർക്കാർ സ്വർണ്ണം കൊണ്ടുവരുന്നതിൻ്റെ തീരുവ കുറച്ചതോടെയാണ് കേരളത്തിൽ സ്വർണ്ണക്കടത്ത് കുറഞ്ഞത്. ഇതിനിടെ മറ്റ് സംസ്ഥാനങ്ങൾ വഴിയുള്ള സ്വർണ്ണക്കടത്ത് കുറയുന്നില്ലെന്നാണ് സൂചനകൾ.

വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു അറസ്റ്റിലായ സംഭവം നടക്കുന്നത്. 14.8 കിലോ സ്വർണമാണ് നടിയിൽ നിന്നും പിടിച്ചെടുത്തത്. ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയത്. ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്.

കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.

വിമാനത്താവളത്തിൽ രന്യ റാവു ഡിജിപിയുടെ മകളാണെന്ന് അവകാശപ്പെടുകയും വീട്ടിലേക്ക് കൊണ്ടുപോകാൻ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരെ വിളിക്കുകയുമായിരുന്നു. ഡിജിപി (പോലീസ് ഹൗസിങ് കോർപറേഷൻ) രാമചന്ദ്ര റാവുവിൻ്റെ മകളാണ് രന്യ. ചൊവ്വാഴ്ച വൈകുന്നേരം ജഡ്‌ജിക്ക് മുൻപാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രന്യ സ്വർണക്കടത്ത് റാക്കറ്റിലെ കണ്ണിയാണോയെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

ദുബായിൽനിന്ന് എമിറേറ്റ്സ് വിമാനത്തിൽ ബെംഗളൂരുവിൽ ഇറങ്ങിയ 32കാരിയായ രന്യയെ ഡിആർഐ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. തുടർച്ചയായ ഗൾഫ് യാത്രകളെ തുടർന്ന് രന്യ ഡിആർഐയുടെ നിരീക്ഷണത്തിലായിരുന്നു. ഈ വർഷം മാത്രം 10ലധികം വിദേശയാത്രകൾ രന്യ നടത്തിയെന്നാണ് വിവരം. ഇതെല്ലാം സ്വർണം കടത്താൻ വേണ്ടിയാണ് എന്ന സൂചനകളാണ് പുത്തുവരുന്നത്.