ജനുവരി 22-ന് പ്രഖ്യാപിച്ച സർക്കാർ ജീവനക്കാരുടെ പണിമുടക്കിൽ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ. അനധികൃത അവധികൾ ഡയസ്നോൺ ആയി കണക്കാക്കാനും തീരുമാനമായി. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരി മാസത്തെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും.
അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് അത്യാവശ്യ സാഹചര്യങ്ങളിലൊഴികെ ജനുവരി 22ന് യാതൊരു തരത്തിലുള്ള അവധിയും അനുവദിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. ബന്ധപ്പെട്ട വകുപ്പ് മേധാവി/ഓഫീസ് മേധാവി തങ്ങളുടെ ഓഫീസിന്റെയും പ്രവേശനകവാടത്തിൻ്റെയും താക്കോൽ സ്വന്തം കൈവശം സൂക്ഷിക്കേണ്ടതും പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാർക്ക് നേരത്തെതന്നെ ഓഫീസിൽ പ്രവേശിക്കാൻ ഓഫീസ് തുറന്നുകൊടുക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതുമാണ്.
അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്യുന്ന ജീവനക്കാരെ പ്രോസിക്യൂട്ട് ചെയ്യുന്നതാണ്. പണിമുടക്കു ദിവസം അനുമതി ഇല്ലാതെ ഹാജരാകാത്ത താൽക്കാലിക ജീവനക്കാരെ സർവ്വീസിൽനിന്ന് നീക്കം ചെയ്യുന്നതാണെന്നും ഉത്തരവിൽ വ്യക്തമാക്കി.