തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. വിനോദയാത്ര സംഘമാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റുകയാണ്. ഇരിഞ്ചയത്തിന് സമീപം ആണ് സംഭവം നടന്നത്.
കാട്ടാക്കട പെരുങ്കടവിളയിൽ നിന്ന് ടൂർ പോയവരാണ് അപകടത്തിൽപെട്ടത്. 49 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചുണ്ട്. സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. റോഡിൽ മറിഞ്ഞ ബസ് ഉയർത്താനുള്ള ശ്രമം തുടരുകയാണ്. വലിയൊരു വളവിലെത്തിയ ബസ് നിയന്ത്രണം വിട്ട് റോഡിൽ മറിഞ്ഞാണ് അപകടം. അപകടത്തിൽ പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള ക്രമീകരണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്.