രഞ്ജിത്തിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനംചെയ്ത മോഹൻലാൽ ചിത്രം ‘ആറാംതമ്പുരാൻ’ ആദ്യഘട്ടത്തിൽ തന്നെ നായകനാക്കി പദ്ധതിയിട്ടിരുന്ന ചിത്രമാണെന്ന് നടൻ മനോജ് കെ. ജയൻ. ഇക്കാര്യം അടുത്തിടെ മണിയൻപിള്ള രാജു പറഞ്ഞപ്പോഴാണ് താൻ അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. യാദൃച്ഛികമായി സിനിമയുടെ കഥകേട്ട മണിയൻപിള്ള രാജുവാണ് മോഹൻലാലിനെ ചിത്രത്തിൽ നായകനാക്കിയാൽ നന്നായിരിക്കുമെന്ന് സംവിധായകനോട് പറഞ്ഞതെന്നും മനോജ് കെ. ജയൻ പറഞ്ഞു. ക്ലബ്ബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിലാണ് മനോജ് കെ. ജയൻ ഇക്കാര്യം പറഞ്ഞത്.
ഈയിടെ മണിയൻപിള്ള രാജു പറയുമ്പോഴാണ് അറിയുന്നത്. മദ്രാസിൽവെച്ച് യാദൃച്ഛികമായി കഥാപാത്രത്തേയും സിനിമയേയും കുറിച്ച് അദ്ദേഹം കേട്ടു. ‘അസുരവംശം’ കഴിഞ്ഞ ഇടനേ ഇത് പ്ലാൻ ചെയ്യുകയായിരുന്നു. എന്നെവെച്ചുതന്നെ. ബിജു മേനോനും ഉണ്ടെന്ന് തോന്നുന്നു. മണിയൻപിള്ള രാജുവിനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഇത് ലാലിനെപ്പോലെ ഒരാൾ ചെയ്താൽ വേറൊരു ലെവലിലേക്ക് മാറും. നമുക്ക് അങ്ങനെ ഒന്ന് ആലോചിച്ചുകൂടേ എന്ന്’. അപ്പോൾ ഷൈജി കൈലാസ് ലാലിന്റെ ഡേറ്റ് കിട്ടുമോ എന്ന് ചോദിച്ചു. അത് താൻ അറേഞ്ച് ചെയ്യാമെന്ന് പറഞ്ഞ് മണിയൻപിള്ള രാജു സുരേഷ് കുമാറിനെ കാണുകയും അവർ തമ്മിൽ ചർച്ച ചെയത് സിനിമ അങ്ങോട്ടുമാറി എന്നുള്ളതാണ് കഥ’,- മനോജ് കെ. ജയൻ പറഞ്ഞു.
ഇതൊന്നും അറിയാത്ത ഞാൻ, ഈയിടയ്ക്കാണ് അറിയുന്നത്. അതാണ് ഇതിനകത്തെ ഏറ്റവും വലിയ കോമഡി. മനോജ് കെ. ജയൻ ഇതൊക്കെ ചെയ്താൽ പൊളിഞ്ഞ് പാളീസായി പോയേനെ എന്നൊക്കെ പലതും പറയുന്നുണ്ട്. ലാലേട്ടനും തിലകൻ ചേട്ടനും വേണ്ടിവെച്ച സിനിമയാണ് ‘ചമയം’. മുരളിയേട്ടനും എനിക്കും പകരം അവരായിരുന്നു. അവരുടെ ഡേറ്റ് വിഷയം കാരണം മാറിപ്പോയതാണ്. അങ്ങനെ അവരെ മാറ്റി മുരളിയേയും എന്നേയുംവെച്ചു ചെയ്തു. ഞാൻ ചെയ്തിരുന്നെങ്കിൽ എന്റേതായ ചെറിയ സിനിമയായി അതങ്ങ് പോയേനേ’, മനോജ് കെ. ജയൻ കൂട്ടിച്ചേർത്തു.