ശല്യമാണ്.. പക്ഷേ സൂപ്പറാണ്! പുത്തൻ പരീക്ഷണവുമായി ഐ ഫോൺ

അങ്ങനെ ആ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്തി ആപ്പിള്‍

ജോലിയ്ക്ക് പോകാനോ മറ്റ് ആവശ്യങ്ങൾക്കോ ഒക്കെ അലാറം സെറ്റ് ചെയ്ത് ഉറങ്ങും, കൃത്യസമയത്ത് അലാറം അടിക്കുമെങ്കിലും അത് സ്‌നൂസ് ചെയ്‌തോ ഒറ്റ ടാപ്പിൽ ഓഫാക്കിയോ വീണ്ടുമൊന്ന് മയങ്ങും. അഞ്ച് മിനിറ്റ് മയക്കം ചിലപ്പോൾ ആഴത്തിലുള്ള ഉറക്കമായി പോയേക്കാം. ഇതുകാരണം പ്രധാനപ്പെട്ട പല കാര്യങ്ങളും അവതാളത്തിലായേക്കാം. അപ്പോൾ ഇതിനൊരു പരിഹാരം കണ്ടല്ലേ തീരു. ആ പരിഹാരമാണ് ആപ്പിള്‍ ഐഫോണുകളില്‍ പരീക്ഷിക്കുന്നത്.

ഐഒഎസ് 26.1 സെക്കന്റ് ബീറ്റാ വേർഷനിലാണ് പുത്തൻ ഡിസൈൻ അപ്പ്‌ഡേഷൻ വരുന്നത്. ഇതിൽ പെട്ടെന്നൊന്നും അലാറം ഓഫാക്കാൻ പറ്റില്ല. അതായത് പുത്തൻ ഡിസൈനിൽ അലാറം ഓഫാക്കണമെങ്കിൽ ടാപ്പ് ചെയ്താൽ പറ്റില്ല, പകരം സ്ലൈഡ് ചെയ്യണം.

നിലവിലെ ഐഒഎസ് 26 വേർഷനിൽ അലാറം നിർത്താൻ രണ്ട് ഓപ്ഷനുകളാണ് കാണിക്കുക. അതായത് സ്‌നൂസ് ആൻഡ് സ്റ്റോപ്പ്. ഇവ രണ്ടും വലിയ ബട്ടനുകളായാണ് കാണിക്കുക. ചിലപ്പോൾ അഴത്തിലുള്ള ഉറക്കത്തിലായാൽ സ്‌നൂസിന് പകരം സ്റ്റോപ്പ് ബട്ടനിൽ അമർത്താൻ സാധ്യതയേറെയാണ്. ഇതോടെ എഴുന്നേൽക്കാൻ വൈകാനും മതി. എന്നാൽ ഐഒഎസ് 26.1 ബീറ്റ 2 വേർഷനിൽ ടാപ്പ് ചെയ്താൽ പോലും സ്‌നൂസ് ആകാനും സ്ലൈഡ് തന്നെ ചെയ്യണം. ലെഫ്റ്റിൽ നിന്നും റൈറ്റിലേക്ക് സ്ലൈഡ് ചെയ്ത് അലാറം നിർത്തുന്നവരെ അത് അടിച്ചുകൊണ്ടേയിരിക്കും.

ഐഒഎസ് 18നുമായി താരതമ്യം ചെയ്യുമ്പോൾ ഐഒഎസ് 26ൽ മേൽപ്പറഞ്ഞ ബട്ടനുകൾ വലിയതാക്കി മാറ്റിയിട്ടുണ്ട്. ഇതോടെ അലാറം അടിച്ചാൽ അത് നിർത്താനും എളുപ്പമാണ്. ഈ അവസ്ഥ മനസിലാക്കിയാണ് ഐഒഎസ് 26.1 ബീറ്റ 2 വേർഷനിൽ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചത്. നിലവിൽ ഇത് ബീറ്റയിൽ ലഭ്യമാണ്. ബീറ്റാ പ്രോഗ്രാമിന്റെ ഭാഗമാണെങ്കിൽ നിങ്ങൾക്ക് ഇത് പരീക്ഷിക്കാം.