അജിത്പാൽ സിംഗ് സംവിധാനം ചെയ്യുന്ന ത്രില്ലര്‍ വെബ് സിരീസില്‍ പ്രധാന കഥാപാത്രമാവുക പാര്‍വതി തിരുവോത്ത്. നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.

അഭിനേത്രി എന്ന നിലയില്‍ തന്‍റെ പ്രതിഭ മുന്‍പ് പലകുറി തെളിയിച്ചിട്ടുള്ള ആളാണ് പാര്‍വതി തിരുവോത്ത്. മലയാളത്തില്‍ എണ്ണത്തില്‍ കുറവ് ചിത്രങ്ങളാണ് പാര്‍വതിക്ക് സമീപകാലത്ത് ലഭിച്ചിട്ടുള്ളതെങ്കിലും ഉള്ളൊഴുക്കും പുഴുവും അടക്കമുള്ള കാമ്പുള്ള ചിത്രങ്ങളും കഥാപാത്രങ്ങളുമുണ്ട് അക്കൂട്ടത്തില്‍. തങ്കലാന്‍ അടക്കമുള്ള മറുഭാഷാ സിനിമകളിലും സിരീസുകളിലും പാര്‍വതി ഭാഗമായിട്ടുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരുപക്ഷേ കരിയറിലെ ഏറ്റവും വലിയ അവസരമെന്ന് വിളിക്കാവുന്ന ഒരു റോള്‍ പാര്‍വതിയെ തേടി എത്തിയിരിക്കുകയാണ്. ആഗോള പ്രേക്ഷകരെ മുന്നില്‍ കണ്ട് ഒരുങ്ങുന്ന വെബ് സിരീസിലെ പ്രധാന വേഷമാണ് അത്.
ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ പ്രമുഖ പ്ലാറ്റ്‍ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് വേണ്ടി നിര്‍മ്മിക്കുന്ന സിരീസിലാണ് പാര്‍വതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷന്‍സിന്‍റെ ഉപവിഭാഗമായ എച്ച്ആര്‍എക്സ് ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മാണം. ഒടിടി പ്ലാറ്റ്‍ഫോമില്‍ നിര്‍മ്മാതാവ് എന്ന നിലയില്‍ ഹൃത്വിക് റോഷന്‍റെ അരങ്ങേറ്റവുമാണ് ഈ ചിത്രം. സ്റ്റോം എന്ന് പേരിട്ടിരിക്കുന്ന സിരീസ് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. മുംബൈയാണ് കഥ നടക്കുന്ന പശ്ചാത്തലം.
