എംഎൽഎ ആയശേഷമല്ല ഞാൻ മേയറായത്, മേയർ ആയ ശേഷം എംഎൽഎ ആകുകയായിരുന്നു; കോർപ്പറേഷനിൽ LDF ജയിക്കും എന്നതിൽ സംശയം വേണ്ട: വി ശിവൻകുട്ടി

തദ്ദേശ തിരഞ്ഞെടുപ്പിൽ മേയർ വാക് പോരിൽ പ്രതിപക്ഷ നേതാവിനും ശബരീനാഥനും മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി. ആ വിവാദം അനന്തമായി നീട്ടികൊണ്ട് പോകേണ്ടത് ഇല്ല. പ്രതിപക്ഷനേതാവ് തന്റെ അടുത്ത സുഹൃത്ത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യം വന്നത് കൊണ്ടാണ് അന്ന് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിനാഥ് മത്സരിക്കുന്നതിൽ തനിക്ക് പ്രശ്നം ഇല്ല. ഇടതുമുന്നണി ഭരണം നിലനിർത്തുമെന്ന് വി ശിവൻകുട്ടി. കോർപറേഷനിൽ LDF ജയിക്കും എന്നതിൽ സംശയം വേണ്ട. മഹാ ഭൂരിപക്ഷം അത് ആവർത്തിക്കുക തന്നേ ചെയ്യും.

UDF, BJP ഏത് സ്ഥാനാർത്ഥിയെ കൊണ്ട് വന്നാലും LDF ജയിക്കും. ഞങ്ങളുടെ പാനൽ ആൺകുട്ടികളുടേത് മാത്രമല്ല. ഞങ്ങൾക്ക് പെൺകുട്ടികളുടെ പാനലും ഉണ്ടാകും. പരിചയസമ്പന്നരും യുവാക്കളും പട്ടികയിൽ ഉണ്ടാകും. എംഎൽഎ ആയശേഷമല്ല ഞാൻ മേയറായത്. മേയർ ആയതിനുശേഷം എംഎൽഎ ആകുകയായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പി എം ശ്രീയിൽ മന്ത്രി വി ശിവൻകുട്ടി മറുപടി പറഞ്ഞില്ല.

ശബരീനാഥനല്ല വി ഡി സതീശൻ വന്നാലും തിരുവനന്തപുരം നഗര ഭരണം പിടിക്കാനാവില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ വ്യക്തമാക്കി. യു ഡി എഫ് കഴിഞ്ഞ തവണത്തേക്കാൾ ദയനീയമായി പരാജയപ്പെടും. വി.ഡി സതീശൻ തന്നെ മത്സരിച്ചാലും LDF മികച്ച വിജയം നേടും.കഴിഞ്ഞവർഷത്തേക്കാൾ ദയനീയ പ്രകടനമാകും യുഡിഎഫിന്‍റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.