‘ഫ്രഷ് കട്ട് തുറന്നാൽ സമരം ശക്തമാക്കും; തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകും’; മുന്നറിയിപ്പുമായി വീട്ടമ്മമാർ

കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറന്നാൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി വീട്ടമ്മമാർ. തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകുമെന്നും വീട്ടമ്മമാർ പറയുന്നു. അതേസമയം മാലിന്യസംസ്കരണ യൂണിറ്റ് തുറക്കുന്ന കാര്യത്തിൽ ഉടമകൾ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ഞങ്ങൾക്ക് ജീവിക്കാനുള്ള സമരമാണ്. ഫ്രഷ് കട്ട് തുറന്നാൽ സമരവുമായി മുന്നോട്ടുപോകും. പാവപ്പെട്ട ജനങ്ങളുടെ കണ്ണീര് അധികാരികൾ കാണുക. ഞങ്ങളുടെ ഭാഗത്ത് ആര് നിൽക്കുന്നുവോ അവർക്ക് ഞങ്ങൾ വോട്ട് ചെയ്യും. ഇല്ലെങ്കിൽ വോട്ട് ചെയ്യില്ല. ഇതാണ് പ്രദേശത്തെ എല്ലാവരുടെയും തീരുമാനം’ വീട്ടമ്മ പറയുന്നു. ഫ്രഷ് കട്ടിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ ഒരു വിശ്വാസവും ഇല്ല. കോടതി ഇടപെടുകയാണെങ്കിൽ സന്തോഷമകുമെന്നാണ് പ്രദേശവാസികൾ‌ പറയുന്നത്. അതേസമയം ഫാക്ടറി തുറക്കാൻ വൈകുന്ന സാഹചര്യത്തിൽ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധം താൽകാലികമായി സമരസമിതി മാറ്റിവെച്ചിരുന്നു. സംസ്കരണ പ്ലാൻ്റ് തുറക്കുന്നതിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നും വിശദമായ പരിശോധന ആവശ്യമാണെന്നും ഉടമകൾ അറിയിച്ചു. പൊലീസ് സുരക്ഷ ഉറപ്പു വരുത്തിയതിന് ശേഷം മാത്രമേ പ്രവർത്തനം തുടങ്ങൂ എന്ന് ഉടമകൾ അറിയിച്ചിരുന്നു.