‘മന്ത്രി ജി ആർ അനിൽ അപമാനിച്ചു, AISF, AIYF തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു’; രൂക്ഷവിമർശനവുമായി മന്ത്രി ശിവൻകുട്ടി

മന്ത്രി ജി ആർ അനിലിനും പ്രകാശ് ബാബുവിനുമെതിരെ രൂക്ഷ വിമർശനമാണ് ശിവൻകുട്ടി നടത്തിയത്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനത്തിനു ശേഷം സിപിഐ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. മന്ത്രി ജി ആർ അനിലിനും പ്രകാശ് ബാബുവിനുമെതിരെ രൂക്ഷ വിമർശനമാണ് ശിവൻകുട്ടി നടത്തിയത്. ജി ആർ അനിൽ സിപിഐ ഓഫീസിന് മുന്നിൽ വെച്ച് തന്നെ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും അനിലിനെ ഫോണിൽ വിളിച്ച ശേഷമാണ് ഓഫീസിൽ പോയതെന്നും ശിവൻകുട്ടി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സമവായത്തിന് ശേഷമാണ് അതൃപ്തി മറനീക്കി മന്ത്രി രംഗത്തെത്തുന്നത്.

ബിനോയ്‌ വിശ്വത്തെ കണ്ട് എന്തു കൊണ്ട് ഒപ്പിട്ടു എന്ന് വിശദീകരിക്കാനായിരുന്നു വിളിച്ചത്. കൂടിക്കാഴ്ചക്ക് ശേഷം താൻ ഒന്നും പറഞ്ഞില്ല. എന്നാൽ അനിൽ മാധ്യമങ്ങളോട് എന്നെ അവഹേളിക്കുന്ന രീതിയിൽ പറഞ്ഞു. ഒരാൾ ഓഫീസിൽ വന്നാൽ സംസാരിക്കണമല്ലോ എന്നാണ് പറഞ്ഞത്. അത് മര്യാദ ഇല്ലാത്ത സംസ്കാരമാണ്.
പ്രകാശ് ബാബു, എംഎ ബേബിയെ അവഹേളിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ബേബി നിസ്സഹായൻ എന്ന് പറഞ്ഞത്. ബേബിയോട് സഹതാപം എന്ന് പറഞ്ഞു. ഞങ്ങളുടെ പാർട്ടി ജനറൽ സെക്രട്ടറിയാണ്. തീരെ മര്യാദ കുറഞ്ഞ വാക്കുകളാണ് പ്രകാശ് ബാബു പറഞ്ഞത്.

എഐഎസ്എഫ്, എഐവൈഎഫ് സംഘടനകളുടെ പ്രതിഷേധം അതിരുകടന്നതായിരുന്നു. എന്റെ കോലം എന്തിനു കത്തിച്ചു. എന്റെ വീട്ടിലേക്ക് രണ്ട് തവണ പ്രകടനം നടത്തി. ഞാൻ ബിനോയ്‌ വിശ്വത്തെ വിളിച്ചു പരാതിപ്പെട്ടു. രണ്ടു സംഘടനകളും ചെയ്തത് ശരിയായില്ലെന്ന് ബിനോയ്‌ പറഞ്ഞു. തന്നെ വർഗീയ വാദിയാക്കാൻ ശ്രമിച്ചു ഇവർ. ഇവർക്കൊന്നും തന്റെ ചരിത്രം അറിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു.
തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ടിലെ ആദ്യ ഗഡൂവായ 300 കോടി കിട്ടാനിരിക്കെയാണ് പിഎം ശ്രീയിലെ സംസ്ഥാന സർക്കാരിന്റെ പിന്നോട്ട് പോക്ക്. പിഎം ശ്രീയിലെ തുടർ നടപടി നിർത്തിവെക്കാൻ കേരളം തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനം കേന്ദ്രം കൈക്കൊള്ളും. സിപിഐയുടെ സമ്മർദത്തിന് വഴങ്ങി ഉണ്ടാക്കിയ മന്ത്രിതല ഉപസമിതി ഉടനൊന്നും റിപ്പോർട്ട് നൽകാനിടയില്ല.

‌ഒപ്പിട്ട ധാരണാപത്രം പഠിക്കാനാണ് ഉപസമിതി വെച്ചത്. പിന്നോട്ട് പോകലിൽ വിദ്യാഭ്യാസവകുപ്പിന് വലിയ തിരിച്ചടിയാണ് ലഭിച്ചത്. കേന്ദ്രം തടഞ്ഞുവെച്ച എസ്എസ്കെ ഫണ്ടിലെ 925 കോടിയിൽ 300 കോടി ഉടൻ നൽകാനിരിക്കെയാണ് പിന്മാറ്റം.