കഴിഞ്ഞ മൂന്ന് വർഷത്തെ എതിർപ്പ് മാറ്റിവെച്ചാണ് പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നത്. മുന്നണിയിലെ എതിർപ്പും മറികടന്നാണ് സിപിഐഎം കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാറുന്നത്. പദ്ധതിയുടെ ഭാഗമായി മാറിയതോതെ സംസ്ഥാന സർക്കാരിന് ഉടൻ തന്നെ 1500 കോടി രൂപ കൈമാറും. ഒരു തവണ മന്ത്രിസഭയിലെത്തിയ പിഎം ശ്രീ പദ്ധതി സിപിഐയുടെ എതിർപ്പ് മൂലം ചർച്ച ചെയ്യാനായി മാറ്റിവെച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മന്നണിയായ എൽഡിഎഫിൽ ചർച്ച ചെയ്ത ശേഷം മന്ത്രിസഭയിലും ചർച്ച ചെയ്യാറാണ് പതിവ്. എന്നാൽ ഇത് രണ്ടും ഉണ്ടാകാതെയാണ് സംസ്ഥാന സർക്കാർ പിഎം ശ്രീയിൽ ചേർന്നിരിക്കുന്നത്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളാണ് എതിർപ്പ് തുടർന്നിരുന്നത്. പദ്ധതിയിൽ ഈ സംസ്ഥാനങ്ങൾ ഭാഗമാകാൻ വിസ്സമതിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ കേരളം പദ്ധതിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. പദ്ധതിയുടെ ഭാഗമാകാത്തതിന്റെ പേരിൽ ഫണ്ടുകൾ തടഞ്ഞതോടെയാണ് കേരളത്തിന് മറ്റ് മാർഗമില്ലാതെ പദ്ധതിയുടെ ഭാഗമാകേണ്ടി വന്നത്. പിഎം ശ്രീ പദ്ധതിയിൽ ചേരുന്നതിന് എൽഡിഎഫിൽ തലവേദന സൃഷ്ടിച്ചത് സിപിഐ ആയിരുന്നു. കടുത്ത എതിർപ്പായിരുന്നു സിപിഐ ഉന്നയിച്ചത്. എന്നാൽ ഈ എതിർപ്പ് മറികടന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് വഴങ്ങിയിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമാകുന്നതോടെ എൽഡിഎഫിൽ പൊട്ടിത്തെറിയുണ്ടാകുമെന്ന കാര്യത്തിൽ ഉറപ്പാണ്. സിപിഐയുടെ എതിർപ്പ് അവഗണിക്കില്ലെന്നും വിഷയം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി അറിയിച്ചത്. പദ്ധതി അംഗീകരിക്കാതെ പദ്ധതിയുടെ പ്രയോജനം എങ്ങനെ ഉപയോഗപ്പെടുത്താമെന്നാണ് ആലോചിക്കുന്നതെന്നായിരുന്നു എംഎ ബേബി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നത്. അതേസമയം പിഎം ശ്രീയിലെ സിപിഐ എതിർപ്പ് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ ബിനോയ് വിശ്വം നേരിട്ട് വിളിച്ചറിയിച്ചതിന് പിന്നാലെയാണ് പദ്ധതിയിൽ കേരളം ഒപ്പുവെക്കുന്നത്. കേന്ദ്രഫണ്ട് ലഭിക്കാൻ പിഎം-ശ്രീ നടപ്പാക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണ് സിപിഎമ്മും വിദ്യാഭ്യാസ മന്ത്രി മന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയത്.
പിഎം ശ്രീ പദ്ധതി ആർഎസ്എസ് അജണ്ടയാണെന്ന വാദത്തിലൂന്നി സിപിഐ എതിർപ്പ് തുടരുമ്പോഴും കേന്ദ്ര ഫണ്ട് കിട്ടിയില്ലെങ്കിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ പദ്ധതികൾ അവതാളത്തിലാകുമെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ മറുപടി പറയുന്നത്. കേന്ദ്രത്തിൽ നിന്ന് 1186 കോടിയിലേറെ കിട്ടാനുണ്ടെന്ന് വി ശിവൻകുട്ടി ചൂണ്ടിക്കാണിക്കുന്നു. ഇതിൽ 800 കോടിയോളം മുൻ വർഷങ്ങളിലെ കുടിശികയാണ്. 2024-25ൽ പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി 3757.89 കോടി രൂപയാണ് വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്രം അനുവദിച്ചത്. സംസ്ഥാനത്ത് 336 സ്കൂളുകൾക്കാണ് പിഎം ശ്രീ വഴിയുള്ള കേന്ദ്ര ഫണ്ട് ലഭിക്കുക.
പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിലെ ആദ്യ രണ്ട് നിബന്ധനകൾ വളരെ പ്രസക്തമാണ്. ഒന്നാമത്തെ നിബന്ധന തന്നെ പി എം ശ്രീയുടെ ഭാഗമാകാൻ ദേശീയ വിദ്യാഭ്യാസ നയം പൂർണമായും നടപ്പിലാക്കണമെന്നാണ്. പിഎം ശ്രീയുടെ ലക്ഷ്യം തന്നെ 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുക എന്നതാണെന്നിരിക്കെ ഫണ്ട് വാങ്ങി നയത്തെ എതിർക്കാൻ കേന്ദ്രം അനുവദിക്കില്ലെന്ന് ഉറപ്പ്. പദ്ധതിയുടെ ഭാഗമാകുന്ന സ്കൂളുകളെ പിഎം ശ്രീ സ്കൂളുകൾ എന്ന് വിളിക്കണമെന്നാണ് രണ്ടാമത്തെ നിബന്ധന. ഇതിനെയും സിപിഐക്കൊപ്പം സിപിഐഎം നേരത്തെ എതിർത്തിരുന്നു.
