പുലർച്ചെ 4, യുവതി ഉറങ്ങുമ്പോൾ ജനൽ കമ്പികൾക്കിടയിലൂടെ കൈ കടത്തിപൊട്ടിച്ചെടുത്തത് പാദസരം സിസിടിവി പരിശോധിച്ച് പൊലീസ് 

ചാരുംമൂട്: വീട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന യുവതിയുടെ സ്വർണ്ണ പാദസരം അതിവിദഗ്ദ്ധമായി മോഷ്ടിച്ചു. താമരക്കുളം വേടരപ്ലാവ് അമ്പാടിയിൽ പ്രിൻസിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലർച്ചെ നാല് മണിയോടെ മോഷണം നടന്നത്. കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന പ്രിൻസിയുടെ കാലിൽ കിടന്ന ഒരു പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരമാണ് മോഷ്ടാക്കൾ കവർന്നത്.

ജനാലയുടെ വാതിലിന്‍റെ കൊളുത്ത് പൊളിച്ച്, കമ്പിയഴികൾക്കിടയിൽ കൂടി കൈ കടത്തിയാണ് മോഷ്ടാക്കൾ പാദസരം പൊട്ടിച്ചെടുത്തത്. കാൽപാദസരം വലിച്ചു പൊട്ടിക്കുന്നതിനിടയിൽ യുവതി ഉണർന്ന് ബഹളം വെച്ചതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നൂറനാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.