ഭർത്താവിന്റെ ബന്ധുവുമായി പ്രണയം: യുവാവ് പിന്മാറിയതോടെ പൊലീസ് സ്റ്റേഷനിലെത്തി ജീവനൊടുക്കാൻ ശ്രമിച്ച് യുവതി

ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് അലോക് പറഞ്ഞതോടെയാണ് പൂജ തന്റെ കയ്യിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്

ലക്‌നൗ: യുവാവ് ബന്ധം തുടരാന്‍ വിസമ്മതിച്ചുവെന്ന് ആരോപിച്ച് പൊലീസ് സ്റ്റേഷനിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ച് യുവതി. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നുളള പൂജ മിശ്ര എന്ന യുവതിയാണ് സ്റ്റേഷനിൽവെച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഭർത്താവിന്റെ ബന്ധുവായ അലോക് മിശ്ര എന്ന യുവാവുമായി പ്രണയത്തിലായിരുന്നു യുവതി. ഇരുവരും ഏഴുമാസത്തോളമായി ഒന്നിച്ചായിരുന്നു ജീവിതം. അസ്വാരസ്യങ്ങളുണ്ടായതോടെ ബന്ധം തുടരാൻ താൽപ്പര്യമില്ലെന്ന് യുവാവ് അറിയിച്ചു. ഇതോടെയാണ് യുവതി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

ലളിത് കുമാര്‍ മിശ്ര എന്നയാളുടെ ഭാര്യയാണ് പൂജ. ഇവര്‍ക്ക് ആറും ഏഴും വയസുളള രണ്ട് മക്കളുമുണ്ട്. ഭര്‍ത്താവിന്റെ സഹോദരിയുടെ മകനായ അലോക് മിശ്രയുമായാണ് യുവതി പ്രണയത്തിലായത്. ഇരുവരും തമ്മില്‍ പതിനഞ്ച് വയസ് വ്യത്യാസമുണ്ട്. അലോക് ഇവരുടെ വീട്ടിലേക്ക് ജോലിസംബന്ധമായ ആവശ്യത്തിന് താമസിക്കാനെത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. ഇരുവരും തമ്മിലുളള ബന്ധം അറിഞ്ഞ ലളിത് അലോകിനെ വീട്ടില്‍ നിന്ന് ഉടന്‍ തന്നെ പറഞ്ഞുവിടുകയായിരുന്നു. പക്ഷെ പൂജ മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ബറേലിയിലേക്ക് പോവുകയും അലോകിനൊപ്പം ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തു.

എന്നാല്‍ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായി. ഇതോടെ അലോക് തിരികെ സീതാപൂരിലെ തന്റെ വീട്ടിലേക്ക് മടങ്ങി. ഇതോടെ തിരിച്ചെത്തിയ പൂജ പൊലീസ് സ്റ്റേഷനിലെത്തുകയും പൊലീസ് പ്രശ്‌നപരിഹാരത്തിനായി അലോകിനെ വിളിച്ചുവരുത്തുകയും ചെയ്തു. സ്‌റ്റേഷനില്‍വെച്ച് പൂജയുമായുളള ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെനന് അലോക് പറഞ്ഞതോടെയാണ് പൂജ തന്റെ കയ്യിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഉടന്‍ തന്നെ ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് ലക്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റി.