പെര്‍ത്ത്: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരക്ക് നാളെ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ തുടക്കമാകും. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഈ വര്‍ഷം ആദ്യം ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിച്ചശേഷം വിരാട് കോലിയും രോഹിത് ശര്‍മയും ആദ്യമായി ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനെത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശുഭ്മാന്‍ ഗില്ലിന് കീഴിലാണ് ഇരുവരും കളിക്കുക. പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് ഗില്ലിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്തുത്. രോഹിത് ശര്‍മയ്ക്ക് പകരമാണ് ഗില്‍ നായകനാകുന്നത്.
കോലിക്കും രോഹിത്തിനും ടീമില്‍ സ്ഥാനം നിലനിര്‍ത്തണമെങ്കില്‍ ഫോമിലേക്ക് ഉയരേണ്ടത് അത്യാവശ്യമാണ്. 2027 ഏകദിന ലോകകപ്പ് കളിക്കാനുള്ള ആഗ്രഹം ഇരുവരും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടെ ഫോമിലെത്തിയാല്‍ മാത്രമെ ഇരുവര്‍ക്കും ടീമില്‍ തുടരാനാവൂ. സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുമ്ര ടീമിലില്ല എന്നുള്ളതും മറ്റൊരു കാര്യം. മലയാളി താരം സഞ്ജു സാംസണേയും ഏകദിന ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഇന്ത്യന്‍ സമയം രാവിലെ ഒമ്പത് മണിക്കാണ് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ മത്സരം തുടങ്ങുക. പകല്‍ രാത്രി മത്സരമാണിത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലും ജിയോ ഹോട് സ്റ്റാറിലും ഇന്ത്യയില്‍ മത്സരം തത്സമയം കാണാനാകും.
ഇന്ത്യന്‍ ടീമിന്റെ സാധ്യതാ ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗില്‍ – രോഹിത് സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുമെന്ന് ഉറപ്പാണ്. കോലി മൂന്നാമനായി ക്രീസിലെത്തും. പിന്നാലെ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍. അഞ്ചാമനായി കെ എല്‍ രാഹുല്‍. ടീമിന്റെ വിക്കറ്റ് കീപ്പറും രാഹുല്‍ തന്നെ. ടീമിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ധ്രുവ് ജുറല്‍ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും. ശ്രേയസ്, രാഹുല്‍ എന്നിവരുടെ ബാറ്റിംഗ് സ്ഥാനം സാഹചര്യത്തിന് അനുസരിച്ച് മാറാനും സാധ്യത ഏറെ. ആറാമനായി നിതീഷ് കുമാര്‍ റെഡ്ഡി. ബാറ്റുകൊണ്ടും പന്തുകൊണ്ടും സംഭാവന ചെയ്യാന്‍ നിതീഷ് സാധിച്ചേക്കും.
