‘എനിക്കതിന് കഴിയില്ല, ദീപൂ’, മത്സരത്തിനിടെ ദീപ്തിയോട് പറഞ്ഞു; വെളിപ്പെടുത്തി ജെമീമ

‘അവൾ പുറത്തായി തിരിച്ചുപോകുമ്പോൾ എന്നോട് പറഞ്ഞത് സാരമില്ല, നീ പോയി മാച്ച് പൂർത്തിയാക്കൂ എന്നാണ്’

വനിതാ ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കെതിരായ സെമിഫൈനലില്‍ ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ച ജെമീമയുടെ ഇന്നിങ്‌സാണ് ഇന്ന് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ഓസീസ് ഉയര്‍ത്തിയ 339 റണ്‍സെന്ന വലിയ വിജയലക്ഷ്യം പിന്തുടര്‍ന്നാണ് ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കിയത്. അതില്‍ നിര്‍ണായകമായത് 127 റണ്‍സോടെ പുറത്താകാതെ നിന്ന ജെമീമയുടെ ഇന്നിങ്‌സും. ഹര്‍മന്‍പ്രീത് കൗറുമായും ദീപ്തി ശര്‍മയുമായി ജെമീമ പടുത്തുയർത്തിയ നിര്‍ണായക കൂട്ടുകെട്ടുകളാണ് ഇന്ത്യയെ ചരിത്രവിജയത്തിലേക്കും ഫൈനലിലേക്കും എത്താൻ‌ സഹായിച്ചത്.

എന്നാല്‍ ചേസിങ്ങിനിടെ ലക്ഷ്യത്തിലെത്താനാകുമോ എന്ന് ആശങ്കപ്പെട്ടിരുന്നതായി തുറന്നുപറയുകയാണ് ജെമീമ. ഒരു ഘട്ടത്തിലെത്തിയപ്പോൾ മത്സരം പൂര്‍ത്തിയാക്കാന്‍ തനിക്കാവില്ലെന്ന് തോന്നിയതായി ജെമീമ വെളിപ്പെടുത്തി. നാലാം വിക്കറ്റ് കൂട്ടുകെട്ടിനിടെ ഇക്കാര്യം ദീപ്തി ശര്‍മയോട് തുറന്നുപറയുകയും ചെയ്തു. പിന്നീട് ദീപ്തി തന്നെ പിന്തുണച്ചതായും ജെമീമ കൂട്ടിച്ചേര്‍ത്തു. വിജയത്തിന് ശേഷം ഡ്രെസിംഗ് റൂമില്‍ സംസാരിക്കുന്നതിനിടെയാണ് ജമിമയുടെ വാക്കുകള്‍.

ബാറ്റിങ്ങിനിടെ സ്കോർ‌ബോർഡിൽ ഏകദേശം 85 റൺസെത്തിയപ്പോൾ ഞാൻ ശരിക്കും തളർന്നുപോയിരുന്നു. ആ സമയത്ത് ഞാൻ ദീപ്തിയോട് സംസാരിക്കുകയുണ്ടായി. ‘എന്നോട് സംസാരിച്ചുകൊണ്ടിരിക്കൂ, എന്നെക്കൊണ്ട് ഇത് പറ്റുന്നില്ല ദീപൂ’, എന്ന് ദീപ്തിയോട് ഞാൻ പറഞ്ഞു. പിന്നീട് ഓരോ പന്തിലും ദീപ്തി എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എൻ്റെ ഒരു റണ്ണിന് വേണ്ടി അവൾ അവളുടെ വിക്കറ്റ് പോലും ത്യജിച്ചു. അവൾ പുറത്തായി തിരിച്ചുപോകുമ്പോൾ എന്നോട് പറഞ്ഞത് സാരമില്ല, നീ പോയി മാച്ച് പൂർത്തിയാക്കൂ എന്നാണ്’, ജെമീമ പറഞ്ഞു.

“ദീപ്തിയുടെയും റിച്ചയുടെയും അമൻജോതിൻ്റെയും ഇന്നിങ്സുകൾ എൻ്റെ മേലുള്ള സമ്മർദ്ദം ഒരുപാട് കുറച്ചു. ഞാനും ഹർമൻപ്രീതും മികച്ച ഒരു കൂട്ടുകെട്ട് പടുത്തുയർത്തി. മുൻപ് ഞങ്ങളിൽ ഒരാളുടെ വിക്കറ്റ് നഷ്ടപ്പെട്ടാൽ മത്സരം തോൽക്കുകയായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇത്തവണ അത് മാറ്റിമറിച്ചു.”, ജെമീമ കൂട്ടിച്ചേർത്തു.