25 മിനിറ്റ് കൊണ്ട് കൊച്ചിയില്‍ നിന്ന് മൂന്നാറില്‍ സീപ്ലെയിനില്‍ എത്താം, പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്, ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഇവയാണ്

കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറില്‍ എത്തുന്നതിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം 3 മണിക്കൂറും എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് മൂന്നര മണിക്കൂറുമാണ് വേണ്ടത്. നേര്യമംഗലം, അടിമാലി റൂട്ടുകളിലൂടെയാണ് ഇപ്പോൾ ടൂറിസ്റ്റുകള്‍ മൂന്നാറിലേക്ക് പോകുന്നത്. ഈ പാതയില്‍ ഏകദേശം 14.5 കിലോമീറ്റര്‍ വനമേഖലയിലൂടെയാണ് കടന്നു പോകുന്നത്.
ഈ ഭാഗത്ത് രാത്രി യാത്ര ദുഷ്‌കരമായതിനാൽ, പകല്‍ സമയത്ത് വനമേഖല കടക്കാവുന്ന തരത്തില്‍ ഉച്ചയോടെ വിനോദസഞ്ചാരികൾ മൂന്നാറിൽ നിന്ന് പോരുകയാണ് പതിവ്. ഇത്തരം യാത്രാ നിയന്ത്രണങ്ങൾ മൂന്നാറിൻ്റെ ടൂറിസം സാധ്യതകളെ കാര്യമായി ബാധിക്കാറുണ്ട്. യാത്രാ സമയം ഗണ്യമായി കുറച്ചാൽ ടൂർ കമ്പനികൾക്ക് മൂന്നാറിലേക്കും സമീപ പ്രദേശങ്ങളിലേക്കും കൂടുതൽ അന്താരാഷ്ട്ര ടൂറിസ്റ്റുകളെ എത്തിക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.