എറണാകുളം: കോലഞ്ചേരിയില്‍ നിന്ന് കാണാതായ പതിനഞ്ചുകാരിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തി. അസം സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് കണ്ടെത്തിയത്.
പെണ്‍കുട്ടിയെ കഴിഞ്ഞ നാലാം തീയതി മുതല്‍ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ വിജയവാഡയില്‍ നിന്ന് കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ വെസ്റ്റ് ചമ്ബരൻ സ്വദേശി ചന്ദൻ കുമാറി(21)നെ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ഇതേത്തുടർന്ന് കുട്ടിയെ വിജയവാഡയില്‍ നിന്നും പിടിയിലായ യുവാവിനൊപ്പം കണ്ടെത്തുകയായിരുന്നു.
അപകടം നിറഞ്ഞ പ്രദേശമായിരുന്നു അതെന്ന് പൊലീസ് അറിയിച്ചു. എസ്ഐ ജി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി നടത്തിയ നീക്കത്തെ തുടർന്നാണ് പെണ്‍കുട്ടിയെ മോചിപ്പിക്കാനും യുവാവിനെ അറസ്റ്റ് ചെയ്യാനും സാധിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വാടക വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെ യുവാവ് ലൈംഗികമായി ഉപദ്രവിച്ചിരുന്നു.
പെണ്‍കുട്ടി എത്തിയതോടെ യുവാവും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയ താമസിപ്പിച്ചിരിക്കുന്ന സ്ഥലം പൊലീസ് കണ്ടെത്തിയത്. പുത്തൻകുരിശ് ഡിവൈഎസ്പി വി ടി ഷാജൻ, ഇൻസ്പെക്ടർ കെ പി ജയപ്രകാശ്, സബ് ഇൻസ്പെക്ടർമാരായ ജി ശശിധരൻ, പീറ്റർ പോള്‍. എഎസ്ഐമാരായ ബിജു ജോണ്‍, സുരേഷ് കുമാർ, സീനിയർ സിപിഒമാരായ പിആർ അഖില്‍, കെആർ രാമചന്ദ്രൻ, എഎ അജ്മല്‍, ബിജി ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.