എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് വീണ്ടും ദുരിതം; മസ്കറ്റിലേക്ക് പുറപ്പെടേണ്ട വിമാനം വൈകുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്നും മസ്കറ്റിലേക്ക് പോകേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. രാവിലെ 8.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനം 12.30ലേക്ക് മാറ്റി.

ഇതോടെ നൂറിലധിയം യാത്രക്കാരാണ് ദുരിതത്തിലായത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നും മസ്കറ്റിലേക്ക് പോകേണ്ടിയിരുന്ന വിമാനം പുക ഉയർന്നതിനെ തുടർന്ന് തിരിച്ചിറക്കിയിരുന്നു. റണ്‍വേയില്‍ നിന്ന് പുറപ്പെടാൻ ഒരുങ്ങുന്നതിനിടെ വിമാനത്തില്‍ നിന്ന് പുകയും ദുർഗന്ധവും ഉയരുകയായിരുന്നു. രാവിലെ എട്ട് മണിക്കായിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. 142 യാത്രക്കാരുമായി പുറപ്പെട്ട ഐഎക്സ് 548 വിമാനത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിന് തൊട്ടുമുമ്ബായിരുന്നു വിമാനത്തില്‍ നിന്നും പുക ഉയർന്നത്.

ഇതോടെ യാത്രക്കാർ വിമാനത്തിനുള്ളില്‍ നിന്ന് നിലവിളിക്കുകയായിരുന്നു. വിമാനത്തിനകത്ത് എന്തൊക്കെയോ കത്തുന്നതിന്റെ ദുർഗന്ധവുമുണ്ടായിരുന്നതായി യാത്രക്കാർ പറഞ്ഞു. ഇതോടെയാണ് വിമാനം അടിയന്തിരമായി തിരിച്ചിറക്കുന്നത്. പരിശോധനയ്ക്ക് ശേഷം വൈകീട്ട് അഞ്ച് മണിക്കാണ് യാത്ര പുനരാരംഭിച്ചത്