Kerala Times

ഇന്ത്യക്കാരുടെ അനധികൃത കുടിയേറ്റം ഉയരുന്നതിന്റെ കാരണം എന്ത്?

ന്യൂയോർക്കിലെ അതിർത്തി പ്രദേശമായ ക്ലിൻ്റൺ കൗണ്ടി വഴി കാനഡയിൽ നിന്നും അമേരിക്കയിലെത്തുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ എണ്ണം കുത്തനെ ഉയരുന്നു. കനേഡിയൻ അതിർത്തിയിൽ നിന്നും വെറും അര മണിക്കൂർ മാത്രം ദൂരമുള്ള ഈ പ്രദേശം വഴി നിരവധി കുടിയേറ്റക്കാർ അമേരിക്കയിലേയ്ക്ക് കടക്കുന്നുണ്ടെങ്കിലും, ഇതിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരാണെന്നാണ് റിപ്പോർട്ട്. ക്ലിൻ്റൺ കൗണ്ടിയിൽ എത്തുന്ന അനധികൃത കുടിയേറ്റക്കാരെ ന്യൂയോർക്കിൽ എത്തിക്കാനായി പ്രത്യേക ടാക്സി സർവീസുകൾ വരെ ആരംഭിച്ചിട്ടുമുണ്ട്. ആറ് മണിക്കൂറുള്ള ഈ യാത്രയ്ക്കായി 150 മുതൽ 300 ഡോളർ വരെയാണ് ഒരാളിൽ നിന്നും ഈടാക്കുന്നത്. ന്യൂയോർക്കിൽ എത്തുന്ന ഈ അനധികൃത കുടിയേറ്റക്കാർ ഇവിടെ ജോലി തേടുകയോ, മറ്റ് നഗരങ്ങളിലേയ്ക്ക് ജോലി തേടിപ്പോകുകയോ ചെയ്യുന്നു.

ഈ വർഷം ഇതുവരെ യുഎസ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻ്റുമാർ വടക്കൻ അതിർത്തിയിൽ ഇത്തരത്തിൽ 20,000 സംഭവങ്ങളിൽ നടപടികളെടുത്തിട്ടുണ്ട്. മുൻ വർഷത്തെക്കാൾ 95% അധികമാണിത്. വടക്കൻ അതിർത്തി പ്രദേശത്ത് പൊതുവിൽ സുരക്ഷ അത്ര കർശനമല്ല എന്നതാകാം ഇവിടം തെരഞ്ഞെടുക്കാൻ കുടിയേറ്റക്കാരെ പ്രേരിപ്പിക്കുന്നത്. എന്നാൽ കുടിയേറ്റക്കാർ ഇതുവഴി എത്തുന്നത് ഒന്നര വർഷത്തിനിടെ ഇത്രകണ്ട് വർദ്ധിക്കാൻ കാരണം എന്തെന്ന് വ്യക്തമായിട്ടില്ലെങ്കിലും, പിടിക്കപ്പെടുന്നതിൽ 60% പേരും ഇന്ത്യക്കാരാണ്.

കാനഡ-അമേരിക്ക അതിർത്തിയിലെ കാട് കടന്ന്, ജീവൻ പണയം വച്ചാണ് പലരും ന്യൂയോർക്കിന്റെ വടക്കൻ പ്രദേശത്ത് എത്തിപ്പെടുന്നത്. ശിവം എന്ന് പേര് പറഞ്ഞ ഒരു ടാക്സ‌ി ഡ്രൈവർ ആ യാത്രയിലെ ദുരിതങ്ങളും, അപകടങ്ങളും വിവരിച്ചു: രാത്രിയിലുടനീളം കാട്ടിലൂടെ നടക്കുകയായിരുന്നു, മഴ കാരണം എങ്ങും ചെളി നിറഞ്ഞ് കിടക്കുകയായിരുന്നു. ഏതാനും ആഴ്ച‌ മുമ്പ് യുഎസിലേയ്ക്ക് അനധികൃതമായി കുടിയേറിയ ശിവം, നിലവിൽ ഇവിടെ അഭയാർത്ഥിത്വത്തിന് അപേക്ഷിച്ചിരിക്കുകയാണ്. തീരുമാനം ജഡ്‌ജിന്റേതാണ്.

അഭയാർത്ഥി എന്നാണ് പറയുന്നതെങ്കിലും, കാനഡയെക്കാൾ ഇവിടെ കൂടുതൽ തൊഴിലവസരമുള്ളതിനാലാണ് താൻ അതിർത്തി കടന്നതെന്ന് ശിവം തുറന്നു പറയുന്നു. ഇപ്പോൾ തൽക്കാലത്തേയ്ക്ക് ഇത്തരത്തിൽ വടക്കൻ അതിർത്തി കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാരെ ന്യൂയോർക്കിൽ എത്തിക്കുന്ന ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുകയാണ് ശിവം.

സെൻട്രൽ അമേരിക്ക, സൗത്ത് അമേരിക്ക മുതലായ പ്രദേശങ്ങളിൽ നിന്നും

അനധികൃതമായി അതിർത്തി കടന്നെത്തുന്നവരുടെ കാര്യത്തിൽ നിന്നും വ്യത്യസ്തമാണ് ഇന്ത്യൻ കുടിയേറ്റക്കാരുടെ അവസ്ഥ എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് വെർമോണ്ടിലെ ഗ്ലോബൽ ആൻഡ് റീജിയണൽ സ്റ്റഡീസ് പ്രോഗ്രാം ഡയറക്‌ടറായ പാബ്ലോ ബോസ് പറയുന്നത്. മറ്റിടങ്ങളിൽ ആഭ്യന്തകലാപങ്ങളും, സർക്കാർ അടിച്ചമർത്തലുകളുമാണ് കുടിയേറ്റത്തിലേയ്ക്ക് നയിക്കുന്നതെങ്കിൽ, കാനഡയിൽ നിന്നും ഇന്ത്യക്കാർ പ്രധാനമായും എത്തുന്നത് മെച്ചപ്പെട്ട ജോലി തേടിയാണ്. ഇവിടെയുള്ള കുടുംബാഗങ്ങളുമായി കൂടിച്ചേരുക എന്ന മറ്റൊരു ലക്ഷ്യവുമുണ്ട്. ജൂൺ മാസത്തിൽ ഇത്തരത്തിൽ 3,600 ഇന്ത്യക്കാരാണ് അതിർത്തി കടന്ന് യുഎസിലെത്താൻ ശ്രമിക്കുന്നതിനിടെ പിടിക്കപ്പെട്ടത്. ചരിത്രത്തിലെ റെക്കോർഡ് എണ്ണവുമാണിത്.

കാനഡയിലെ ഇമിഗ്രേഷൻ നിയമങ്ങൾ അത്ര കർശനമല്ലാത്തത് കാരണമാണ് പലരും കാനഡയിൽ എത്തുന്നത്. സ്ക‌ിൽഡ് ജോലിക്കാർക്ക് എക്‌സ്പ്രസ് വിസയും നൽകുന്നു. പക്ഷേ എന്നിട്ടും അവർ എന്തിന് അതിർത്തി കടന്ന് യുഎസിലെത്തുന്നു എന്ന ചോദ്യത്തിന് മെച്ചപ്പെട്ട തൊഴിലവസരം എന്ന മേൽ പറഞ്ഞ ഉത്തരം തന്നെയാണുള്ളത്. ഒപ്പം കുറഞ്ഞ ടാക്സ്, ഉയർന്ന കൂലി എന്നിവ ഇവിടെ കുടിയേറ്റക്കാർ പ്രതീക്ഷിക്കുന്നുവെന്നും ബോസ് പറയുന്നു. കനേഡയിൻ ഡോളറിനെക്കാൾ യുഎസ് ഡോളറിന് 25% മൂല്യം അധികമാണ് എന്ന കാരണവും കാണാതെ പോകാൻ സാധിക്കില്ല.

അമേരിക്കയുടെ വടക്കൻ അതിർത്തി വഴി ഇന്ത്യക്കാർ മാത്രമല്ല, നിരവധി കുടിയേറ്റക്കാർ അനധികൃതമായി എത്തുന്നുണ്ട്. കൂടുതൽ പേർ ഇതുവഴി എത്തുന്നു എന്നതിനർത്ഥം ഈ അതിർത്തി കടക്കുക എളുപ്പമാണെന്നല്ല. തണുപ്പുകാലത്ത് അതിശൈത്യമാണിവിടം. എങ്ങനെയെങ്കിലും അതിർത്തി കടന്നെത്തിയാലും പിടിക്കപ്പെട്ടാൽ ഉടൻ തന്നെ അഭയാർത്ഥിത്വം നിഷേധിക്കുകയും ചെയ്തേക്കാം. കാരണം യുഎസും കാനഡയും തമ്മിലുള്ള ധാരണ പ്രകാരം അനധികൃതമായി അതിർത്തി കടന്നെത്തുന്നവർക്ക്

പിടിക്കപ്പെടുമ്പോൾ തന്നെ അഭയാർത്ഥിത്വം നിഷേധിക്കാൻ അധികൃതർക്ക് സാധിക്കും. എന്നിരുന്നാലും മദ്ധ്യ അമേരിക്കൻ, മെക്‌സിക്കൻ മരുഭൂമി അതിർത്തികളെ അപേക്ഷിച്ച് ഈ വഴിയാണ് കൂടുതൽ സുരക്ഷിതം എന്ന ചിന്തയാണ് കുടിയേറ്റക്കാരെ പുതുജീവൻ

കെട്ടിപ്പടുക്കാനുള്ള പ്രതീക്ഷയുമായി വടക്കൻ അതിർത്തിയിലേയ്ക്ക് നയിക്കുന്നത്.

Share the News
Exit mobile version