Kerala Times

മൂന്നാം സിഗ്നലിലും ജീവന്‍റെ സാന്നിധ്യം; മുണ്ടക്കൈയിൽ രാത്രിയിലും പരിശോധന…

മേപ്പാടി: മുണ്ടക്കൈയിൽ ജീവന്‍റെ തുടിപ്പ് തേടി രാത്രിയിലും അത്യപൂർവ രക്ഷാദൗത്യം. റഡാർ പരിശോധനയിൽ മണ്ണിനടിയിൽനിന്ന് ലഭിച്ച രണ്ടു സിഗ്നലുകളും ശക്തമായതിനാലാണ് പരിശോധന തുടരാൻ തീരുമാനിച്ചത്. സിഗ്നൽ മനുഷ്യശരീരത്തിൽനിന്നാകാൻ സാധ്യതയില്ലെന്ന് പറഞ്ഞെങ്കിലും വ്യക്തത ലഭിക്കുന്നതുവരെ പരിശോധന നടത്താൻ മുഖ്യമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയതായാണ് വിവരം.

മൂന്നു മീറ്റർ താഴ്ചയിൽനിന്നാണ് ശ്വാസമിടിപ്പിന്‍റെ സിഗ്നലുകൾ ലഭിച്ചത്. മനുഷ്യനോ, ജീവികളോ ആകാമെന്ന നിഗമനത്തിലാണ് ദൗത്യസംഘം. ദുർഘടമായ സാഹചര്യത്തിൽ അതീവ ശ്രദ്ധയോടെയാണ് പരിശോധന. വീടിന്‍റെ അടുക്കള ഭാഗത്താണ് നിലവിൽ പരിശോധന നടത്തുന്നത്. വീട്ടിലെ മൂന്നുപേരെ കാണാതായിട്ടുണ്ട്. എന്നാൽ, കെട്ടിടത്തിന്‍റെ അപകടാവസ്ഥ വെല്ലുവിളിയാകുകയാണ്. സിഗ്നൽ മനുഷ്യശരീരത്തിൽനിന്നാകാൻ സാധ്യതയില്ലെന്ന് വിദഗ്ധർ പറഞ്ഞെങ്കിലും ഇതിൽ വ്യക്തത വരുത്താനാണ് പരിശോധന രാത്രിയിലും തുടരുന്നത്.

ഫ്ലഡ് ലൈറ്റുകളെല്ലാം സ്ഥലത്തെത്തിച്ചിട്ടുണ്ട്. പ്രദേശത്തിന്‍റെ നിയന്ത്രണം പൂർണമായി സൈന്യം ഏറ്റെടുത്തു. നേരത്തെ, സിഗ്നൽ ലഭിച്ച സ്ഥലത്ത് മണ്ണും കല്ലും നീക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. രണ്ടാമതും റഡാർ പരിശോധന നടത്തിയപ്പോഴും ജീവന്റെ തുടിപ്പ് കണ്ടെത്തി. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ (ഹ്യൂമൻ റെസ്‌ക്യൂ റഡാർ) ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ രണ്ടു തവണ സിഗ്നൽ ലഭിച്ചത്. തുടർന്ന് കലുങ്കിനുള്ളിലിറങ്ങി മണ്ണും കല്ലും മാറ്റി രക്ഷാപ്രവർത്തകർ പരിശോധന നടത്തുകയായിരുന്നു…

വീടും കടയും ചേർന്ന കെട്ടിടം നിന്നിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട നിന്നിരുന്ന സ്ഥലത്തെ മണ്ണും കോൺക്രീറ്റ് ഭാഗങ്ങളും മാറ്റിയാണ് പരിശോധന നടത്തിയത്. 50 മീറ്റർ ചുറ്റളവിലാണ് സിഗ്നൽ ലഭിച്ചത്. ശ്വസനവും ജീവനുമുള്ള വസ്തുക്കളുടെ ബ്ലൂ സിഗ്നലാണ് ലഭിച്ചത്. റഷ്യൻ നിർമിത റഡാർ ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഈ വീട്ടിൽനിന്ന് മൂന്നുപേരെ കാണാതായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുമുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും…

Share the News
Exit mobile version