Kerala Times

സംസ്ഥാന കൗണ്‍സിലില്‍ ഇ.പി.യ്ക്കും പിണറായിക്കും വിമര്‍ശനം ; സംസ്ഥാന എക്‌സിക്യൂട്ടീവ് അഴിച്ചു പണിയണമെന്ന് സിപിഐ

തിരുവനന്തപുരം: ഇപി ജയരാജനും പിണറായി വിജയനെയും രൂക്ഷമായി വിമര്‍ശിച്ച്‌ സിപിഐ സംസ്ഥാന കൗണ്‍സില്‍. ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്തുനിന്നും ഇ.പി.

ജയരാജനെ മാറ്റണമെന്നും സര്‍ക്കാരും മുന്നണിയുമെല്ലാം പിണറായിയിലേക്ക് ചുരുങ്ങിയെന്നും സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരെ സംഘടനാ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് പുന:സംഘടിപ്പിക്കണമെന്നും സംസ്ഥാന കൗണ്‍സിലില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഇപി ജയരാജന്‍ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്നും ഇപി ജയരാജനെയും പേറി മുന്നണിക്ക് മുമ്ബോട്ട് പോകാനാകില്ലെന്നും അഭിപ്രായമുയര്‍ന്നു. സര്‍ക്കാരും മുന്നണിയുമെല്ലാം ഒരാളിലേക്ക് ചുരുങ്ങിയതാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ച പരാജയത്തിന് കാരണമെന്നും കൗണ്‍സിലില്‍ വിമര്‍ശനമുണ്ടായി. പിണറായിയെ കേന്ദ്രീകരിച്ചുള്ള തെരഞ്ഞെടുപ്പ് പ്രചരണവും പരാജയമായി.

തെരഞ്ഞെടുപ്പിന് മുമ്ബായി നടത്തിയ നവ കേരള സദസ്സ് വന്‍ പരാജയമായി. തിരഞ്ഞെടുപ്പിന് മുമ്ബ് നടത്തേണ്ടിയിരുന്നത് രാഷ്ട്രീയ ജാഥയായിരുന്നു. അത് രാഷ്ട്രീയ പ്രചരണത്തെ ബാധിച്ചു. തിരഞ്ഞടുപ്പ് അവലോകന റിപ്പോര്‍ട്ട് തയാറാക്കുന്നതില്‍ വീഴ്ച വന്നുവെന്നും വിമര്‍ശനമുയര്‍ന്നു. ഇങ്ങനെ പോയാല്‍ ബംഗാളിന്റെ അവസ്ഥയിലേക്ക് കേരളത്തിന്റെ ദൂരം കുറയുമെന്നും കൗണ്‍സിലില്‍ അഭിപ്രായം ഉയര്‍ന്നു.

സംസ്ഥാന സെന്ററും പുന:സംഘടിപ്പിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. അക്കോമഡേഷന്‍ കമ്മിറ്റിയായി എക്‌സിക്യൂട്ടീവ് മാറിയെന്നാണ് മറ്റൊരു വിമര്‍ശനം. തൃശ്ശൂര്‍ മേയര്‍ എംകെ വര്‍ഗീസിനെ മാറ്റണമെന്ന് കൗണ്‍സിലിലും ആവശ്യമുയര്‍ന്നു. ആവശ്യം ഉന്നയിച്ച്‌ മുന്നണി നേതൃത്വത്തിന് കത്ത് നല്‍കണമെന്ന് തൃശൂരില്‍ നിന്നുള്ള കൗണ്‍സില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തെ മറ്റു ജില്ലകളില്‍ നിന്നുള്ളവരും പിന്തുണച്ചു.

മേയറുമായി ഇനിയും മുന്നോട്ടുപോകാന്‍ ആവില്ലെന്ന നിലപാട് നേതാക്കള്‍ സ്വീകരിച്ചു. മന്ത്രിമാരെ സംഘടനാ ചുമതലയില്‍നിന്നും ഒഴിവാക്കണം. ആര്‍ ലതാദേവി, മാങ്കോട് രാധാകൃഷ്ണന്‍ എന്നിവര്‍ തുടങ്ങിവച്ച വിഷയം സംസ്ഥാന കൗണ്‍സില്‍ പൊതുവികാരമായി ഏറ്റെടുത്തു.

Share the News
Exit mobile version