Kerala Times

എസിപിയുടെ യോഗത്തിൽ സിഐയും എസ്ഐയും പങ്കെടുത്തില്ല; പാറാവുകാരന് 48 മണിക്കൂര്‍ ഡ്യൂട്ടി ശിക്ഷ: വിചിത്ര നടപടി…

തിരുവനന്തപുരം: എസിപി വിളിച്ച യോഗത്തിൽ എസ്ഐയും സിഐയും പങ്കെടുക്കാതിരുന്നതിന് പാറാവുകാരന് ശിക്ഷ. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ 2 പൊലീസുകാരെയാണ് തിരുവനന്തപുരം ഫോര്‍ട് അസിസ്റ്റൻ്റ് കമ്മീഷണര്‍ ശിക്ഷിച്ചത്. സ്റ്റേഷൻ ജിഡി ചാര്‍ജ്ജുകാരന് 24 മണിക്കൂര്‍ ഡ്യൂട്ടിയും പാറാവുകാരന് 48 മണിക്കൂര്‍ ഡ്യൂട്ടിയുമാണ് ശിക്ഷ വിധിച്ചത്.

കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കേസ് വിവരങ്ങൾ തിരക്കിയുള്ള അസിസ്റ്റൻ്റ് കമ്മീഷണറുടെ പതിവ് സാട്ട സന്ദേശം എത്തി. വയർലസ് സന്ദേശത്തിന് ഇൻസ്പെക്ടറോ, സബ് ഇൻസ്പെക്ടർറോ മറുപടി നൽകിയില്ല. നൈറ്റ് ഡ്യൂട്ടിയായതിനാൽ താൻ രാവിലെ ഉണ്ടായിരുന്നില്ലെന്ന് ഇൻസ്പെക്ടറും, ഇൻസ്പെക്ർ ഡ്യൂട്ടിയിൽ ഇല്ലാത്ത കാര്യം അറിഞ്ഞില്ലെന്ന് പറഞ്ഞ് എസ്ഐയും കൈകഴുകി. വീഴ്ച വരുത്തിയ ഉദ്യോദഗസ്ഥർക്ക് പകരം ജിഡി ചുമതലയുള്ള സീനിയർ സിപിഒ വിജയകുമാറിനെയും , പാറാവുകാരനായിരുന്ന അജിത് രാജനെയും ശിക്ഷിച്ചു.

വിജയകുമാർ തുടർച്ചയായി 24 മണിക്കൂറും, അജിത് രാജൻ 48 മണിക്കൂറും ജോലി ചെയ്യണമെന്നാണ് അസിസ്റ്റൻ്റ് കമ്മീഷണറുടെ ഉത്തരവ്. മേൽ ഉദ്യോഗസ്ഥരില്ലെങ്കിൽ അവര്‍ക്ക് പകരം വയർലസ് സന്ദേശത്തിന് ഇവര്‍ മറുപടി നൽകണമായിരുന്നു എന്നാണ് ശിക്ഷാ നടപടിക്ക് കാരണമായി വിശദീകരിച്ചത്. ഉദ്യോഗസ്ഥർക്കിടയിൽ ശിക്ഷാ നടപടിക്കെതിരെ എതിർപ്പ് വന്നതോടെ പൊലീസ് അസോസിയേഷൻ ഭാരവാഹികൾ എസിപിയെ കണ്ട് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ എസിപി തീരുമാനം പിൻവലിക്കാൻ തയ്യാറായില്ല.

Share the News
Exit mobile version