Kerala Times

ദേശീയപാതയോരത്ത് ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായി മേരീക്വീൻസ് ജീവനക്കാരൻ


കാഞ്ഞിരപ്പളളി:  പാറത്തോട് സ്വാദേശിനിയായ വിദ്യാർത്ഥിനിക്ക് രക്ഷാകിരണവുമായി കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാൽ. കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു മുണ്ടക്കയത്തുള്ള വീട്ടിലേക്ക് പോകുന്ന വഴിയിൽ പൊടിമറ്റം സെൻ്റ് ഡൊമിനിക് കോളേജിന് സമീപമുള്ള ബസ് സ്റ്റോപ്പിൽ ആള് കൂടിയത് കണ്ടു ബൈക്ക് നിർത്തി നോക്കിയതാണ് കിരൺ. വഴിവക്കിൽ ഒരു വിദ്യാർത്ഥിനി ബോധരഹിതയായി കിടക്കുന്നു. ചുറ്റും ആളു കൂടിയെങ്കിലും ആരും ഒന്നും ചെയ്യുന്നില്ല. ഉടൻ കിരൺ ആ പെൺകുട്ടിയെയും കയ്യിൽ വാരിയെടുത്തു അത് വഴി വന്ന ഓട്ടോയിൽ ഉടൻ സമീപത്തുള്ള മേരീക്വീൻസ് ആശുപത്രിയിൽ എത്തിച്ചു.

കോട്ടയത്ത് പഠിക്കുന്ന പാറത്തോട് സ്വാദേശിനിയായ ഇരുപത്തിയൊന്നുകാരിയാണ് ബസ് ഇറങ്ങിയ ശേഷം കടുത്ത പനി മൂലം വഴിവക്കിൽ  ബോധരഹിതയായി വീണു കിടന്നത്. ആശുപത്രിയിൽ എത്തിച്ച ശേഷം ആവശ്യമായ ചികിത്സ ഉറപ്പാക്കി പെൺകുട്ടിയുടെ വീട്ടുകാർ എത്തിയതിനു ശേഷമാണ് കിരൺ മടങ്ങിയത്.     


*ഫോട്ടോ അടിക്കുറിപ്പ്*:
വഴിവക്കിൽ ബോധരഹിതയായി കിടന്ന വിദ്യാർത്ഥിനിക്ക് രക്ഷകനായ കാഞ്ഞിരപ്പള്ളി മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ പബ്ലിക് റിലേഷൻസ് വിഭാഗം ജീവനക്കാരനായ കിരൺ കമാലിന് മേരീക്വീൻസ് ആശുപത്രിയുടെ ആദരവ് ആശുപത്രി ഫിനാൻഷ്യൽ അഡ്‌മിനിസ്‌ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സി.എം.ഐ നൽകിയപ്പോൾ

Share the News
Exit mobile version