Kerala Times

e-SIM ഉപയോഗിക്കുന്നവർ ജാഗ്രത, നിങ്ങളുടെ നമ്പർ ഹൈജാക്ക് ചെയ്യപ്പെട്ടേക്കാം, പുതിയ തട്ടിപ്പ്……

സിം കാര്‍ഡുകള്‍ ഉപയോഗിച്ച് പലവിധങ്ങളായ തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. മറ്റുള്ളവരുടെ പേരില്‍ വ്യാജ സിം കാര്‍ഡുകളെടുത്തും സിം കാര്‍ഡുകളുടെ നിയന്ത്രണം കൈക്കലാക്കിയുമെല്ലാം തട്ടിപ്പുകള്‍ നടക്കുന്നു. ഇപ്പോഴിതാ സാങ്കേതിക വിദ്യയിലെ മാറ്റത്തിനൊപ്പം ഹാക്കര്‍മാരുടെ രീതികളും മാറുകയാണ്. ഉപഭോക്താവിന്റെ ഡേറ്റയും പണവും കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ ഇ-സിം പ്രൊഫൈലുകള്‍ ഉപയോഗിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

സാധാരണ സിംകാര്‍ഡുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന എംബഡഡ് സിം ആണ് ഇ-സിമ്മുകള്‍. ഐഫോണുകള്‍ ഉള്‍പ്പടെ പല ഫ്‌ളാഗ്ഷിപ്പ് ഫോണുകളിലും ഇ-സിം സൗകര്യമുണ്ട്. ഇ-സിം ഉപയോഗിച്ചാല്‍ ഫോണില്‍ ഫിസിക്കല്‍ സിംകാര്‍ഡുകള്‍ ഉപയോഗിക്കേണ്ടതില്ല. ഒരു ഫിസിക്കല്‍ സിംകാര്‍ഡ് സൗകര്യം മാത്രമുള്ള ഐഫോണില്‍ രണ്ട് കണക്ഷനുകള്‍ ഉപയോഗിക്കാന്‍ ഇ-സിം സൗകര്യം പ്രയോജനപ്പെടുത്താനാവും.

ഉപഭോക്താവിന് ടെലികോം സേവനദാതാക്കളെ നേരിട്ട് ബന്ധപ്പെടാതെ തന്നെ വളരെ എളുപ്പത്തില്‍ ഒരു ഇ-സിം കണക്ടിവിറ്റി എടുക്കാനാവും. ടെലികോം കമ്പനികള്‍ക്ക് ദൂരെ നിന്ന് കൊണ്ട് തന്നെ അവ പ്രോഗ്രാം ചെയ്യാനും, ഡീ ആക്ടിവേറ്റ് ചെയ്യാനും, ഡിലീറ്റ് ചെയ്യാനും ഇ-സിം കണക്ഷന്‍ മറ്റൊരു ഡിവൈസിലേക്ക് മാറ്റാനുമെല്ലാം സാധിക്കും. ഈ സാധ്യതകളാണ് ഇ-സിമ്മിന്റെ നിയന്ത്രണം കൈക്കലാക്കാന്‍ ഹാക്കര്‍മാര്‍ മുതലെടുക്കുന്നത്.

ദൂരെ ഒരിടത്ത് നിന്ന് മറ്റൊരു ഇ-സിമ്മിലേക്ക് കണക്ഷന്‍ മാറ്റാനും ഫോണ്‍ നമ്പര്‍ ഹൈജാക്ക് ചെയ്യാനും ഹാക്കര്‍മാര്‍ക്ക് സാധിക്കും. അതായത് ഇരയുടെ ഫോണിലെ ഇ-സിം പ്രൊഫൈല്‍ എടുത്ത് ഹാക്കര്‍ക്ക് സ്വന്തം ഫോണിലേക്ക് മാറ്റാനും മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പലവിധത്തിലുള്ള വിവരങ്ങള്‍ കൈക്കലാക്കാനും സാധിക്കും. വിവിധ സാമ്പത്തിക സേവനങ്ങളുടെ ഉപഭോക്താക്കളെയാണ് ഇത്തരം കുറ്റവാളികള്‍ ലക്ഷ്യമിടുന്നത്. 2023 അവസാനം മുതല്‍ അത്തരം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ എഫ്.എ.സി.സി.ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ വിവിധ സുരക്ഷാസംവിധാനങ്ങള്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചാണുള്ളത്. നമ്പറില്‍ വരുന്ന ഒടിപികള്‍ ഉപയോഗിച്ച് അക്കൗണ്ടുകളില്‍ നുഴഞ്ഞുകയറാനും വിവരങ്ങളും, സമ്പത്തും മോഷ്ടിക്കാനും കഴിയും.

Share the News
Exit mobile version