Kerala Times

40 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി ഇരട്ടയാർ പഞ്ചായത്ത്.

കട്ടപ്പന,നാൽപ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കി ഇരട്ടയാർ. ഗ്രാമപഞ്ചായത്തിലെ പൂവേഴ്സ് മൗണ്ട് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി.ഇടുക്കി എം പി അഡ്വ.ഡീൻ കുര്യാക്കോസ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് 40 ഓളം കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കിയിരിക്കുന്നത്.വർഷങ്ങളായി ജനങ്ങൾ താമസിച്ചു വരുന്ന പൂവേഴ്സ് മൗണ്ട് പ്രദേശത്ത് കുടിവെള്ള ക്ഷാമം എന്ന രൂക്ഷമായ പ്രശ്നത്തിനാണ് ഇപ്പോൾ ശാശ്വത പരിഹാരമായിരിക്കുന്നത്.മേച്ചേരിപ്പടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ഇടുക്കി എം.പി അഡ്വ.ഡീൻ കുര്യാക്കോസ്, മുതിർന്ന ഗുണഭോക്താവായ സാവിത്രി ചെല്ലപ്പന് ഒരു കുടം വെളളം കൈമാറിയാണ് ഉദ്ഘാടനം നിർവ്വഹിച്ചത്.പദ്ധതിക്കായി പ്രയത്നിച്ച വാർഡുമെമ്പർ രതീഷ് ആലേപുരയ്ക്കൽ, കോൺട്രാക്ടർ പി.ബി ബിനീഷ്, സ്ഥലം വിട്ടു നല്കിയ രാമകൃഷ്ണൻ പുതുപ്പറമ്പിൽ,മുതിർന്ന കർഷകൻ കെ.എസ് കുഞ്ഞൂഞ്ഞ്, വിദ്യാർത്ഥി അജോൺ എന്നിവരെ ആദരിച്ചു.വാർഡുമെമ്പർ രതീഷ് ആലേപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സജി തോമസ് പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ റെജി ഇലിപ്പുലിക്കാട്ട്, ജോസ് തച്ചാപറമ്പിൽ, കട്ടപ്പന നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിബി പാറപ്പായിൽ, ഗ്രാമവികസന സമിതി ചെയർമാൻ രാമകൃഷ്ണൻ പുതുപ്പറമ്പിൽ ,കൺവീനർ പി.വി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിൽ നിന്നും ഇടതുപക്ഷ ജനപ്രതിനിധികൾ വിട്ടുനിന്നു.

Share the News
Exit mobile version