Kerala Times

ആരോഗ്യരംഗത്ത് ജില്ലയിൽ വലിയ മുന്നേറ്റ മുണ്ടാക്കി.മന്ത്രി റോഷി അഗസ്റ്റിൻ.



കട്ടപ്പന / ആരോഗ്യരംഗത്ത് സമീപകാലത്ത് ജില്ല വലിയ മുന്നേറ്റം നടത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ചിയാര്‍ കോവില്‍മല ഐറ്റിഡിപി ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
അടുത്തകാലത്താണ് ഇടുക്കി മെഡിക്കല്‍ കേളേജിലേക്ക് 50 ഡോക്ടര്‍മാരുടെ പോസ്റ്റിന് അനുമതി നല്‍കിയത്. ഒരു മെഡിക്കല്‍ കോളേജിലേക്ക് ഒറ്റയടിക്ക് 50 ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിക്കുന്നത് സംസ്ഥാനത്ത് ആദ്യമാണ്. ജില്ലയിലെ ജനങ്ങള്‍ക്ക് മെഡിക്കല്‍ കോളേജ് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്. ആധുനിക ചികില്‍സാ സൗകര്യം മാത്രമല്ല, നമ്മുടെ കുട്ടികള്‍ക്ക് ഗ്രാമീണ മേഖലയില്‍ തന്നെ മെഡിക്കല്‍ വിദ്യാഭ്യാസം നേടാനുള്ള സൗകര്യം കൂടിയാണ് മെഡിക്കല്‍ കോളേജിലൂടെ ലഭിച്ചത്. പഠനത്തിനും ചികില്‍സക്കുമുള്ള മെഡിക്കല്‍ കോളേജിലെ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണ്. എംബിബിഎസ് ഒന്നാം വര്‍ഷ പരീക്ഷാഫലം വന്നപ്പോള്‍ 94 ശതമാനം വിജയം നേടി ഇടുക്കി മെഡിക്കല്‍ കോളേജ് ഉന്നതനിലവാരമുള്ള സ്ഥാപനമാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്ത് മികച്ച ഇടപെടല്‍ നടത്തുക എന്ന ലക്ഷ്യത്തോടെ ആരോഗ്യക്യാമ്പുകളടക്കമുള്ള പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന യുവജന കമ്മിഷനെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
സംസ്ഥാന യുവജന കമ്മീഷന്‍ അംഗം അബേഷ് അലേഷ്യസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ മുഖ്യാതിഥിയായി. കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോളി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തങ്കമണി സുരേന്ദ്രന്‍, പഞ്ചായത്ത് അംഗങ്ങളായ വി വി ആനന്ദന്‍, ലിനു ജോസ്, റോയി എവറസ്റ്റ്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇടുക്കി മെഡിക്കല്‍ കോളേജ്, കാഞ്ചിയാര്‍ കുടുംബരോഗ്യ കേന്ദ്രം, കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചത്.

ചിത്രം:
സംസ്ഥാന യുവജന കമ്മിഷന്റെ ആഭിമുഖ്യത്തില്‍ കാഞ്ചിയാര്‍ കോവില്‍മല ഐറ്റിഡിപി ഹാളില്‍ സംഘടിപ്പിച്ച ആരോഗ്യക്യാമ്പ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു

Share the News
Exit mobile version