Kerala Times

കാറിലില്ലാത്ത സ്ത്രീയുടെ രൂപം ക്യാമറയിൽ പതിഞ്ഞ സംഭവം ; 3 മാസത്തെ കാത്തിരിപ്പിനു ശേഷം വിശദീകരണവുമായി മോട്ടര്‍വാഹന വകുപ്പ്

കണ്ണൂര്‍ : കാറിലില്ലാത്ത സ്ത്രീയുടെ രൂപം റോഡ് ക്യാമറയില്‍ പതിഞ്ഞ സംഭവത്തില്‍ 3 മാസത്തെ കാത്തിരിപ്പിനു ശേഷം വിശദീകരണവുമായി മോട്ടര്‍വാഹന വകുപ്പ്. കാറിലുണ്ടായിരുന്ന 17 വയസ്സുള്ള ആണ്‍കുട്ടിയുടെ ചിത്രമായിരുന്നു അതെന്നും സ്ത്രീയാണെന്നു തോന്നുന്നതാണ് എന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ സി.യു.മുജീബ് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നത്.

ഡ്രൈവറും മുന്‍സീറ്റ് യാത്രക്കാരിയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാല്‍ പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടിസിലാണ് ‘വിവാദ’ ചിത്രം ഉള്‍പ്പെട്ടത്. ഒക്ടോബര്‍ 3നു രാത്രി 8.27ന് ആണ്, ക്യാമറയില്‍ കാറിന്റെ ചിത്രം പതിഞ്ഞത്. കാറുടമ പിഴയടയ്ക്കുകയും ചെയ്തു.ആ വാഹനത്തില്‍ അന്നു സഞ്ചരിച്ചിരുന്നത് ഒരു സ്ത്രീയും പുരുഷനും സ്ത്രീയുടെ പത്തും പതിനേഴും വയസ്സുള്ള മക്കളുമായിരുന്നു.

കണ്ണൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പയ്യന്നൂര്‍ ഡിവൈഎസ്പിക്കു നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇതു കണ്ടെത്തിയതെന്നും പറയുന്നു. ഇതോടെ ഈ വിഷയത്തിലെ ദുരൂഹത അവസാനിച്ചെന്ന് മോട്ടര്‍വാഹന വകുപ്പ് പറയുമ്പോഴും അതെങ്ങനെ സംഭവിച്ചു എന്നതിന് ഉത്തരമില്ല.

Share the News
Exit mobile version