Kerala Times

കൂടത്തായി കൊലപാതക കേസിൽ,ഒരു സാക്ഷിയും കൂടെ കൂറുമാറി,

ഇടുക്കി: കോഴിക്കോട് കൂടത്തായി റോയ് വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. ഇടുക്കി സ്വദേശിനി ജോളിക്ക് സയനൈഡ് എത്തിച്ച്‌ കൊടുത്ത സ്വര്‍ണപ്പണിക്കാരൻ പ്രജി കുമാറിന്റെ ഭാര്യയും കേസിലെ അറുപതാം സാക്ഷിയുമായ ശരണ്യയാണ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറിയത്. പ്രജി കുമാറിന്റെ താമരശ്ശേരിയിലെ ദൃശ്യകല ജൂവലറിയില്‍ നിന്ന് സയനൈഡ് കണ്ടെടുത്തതിന്റെ സാക്ഷിയാണ് ശരണ്യ. രണ്ടാം പ്രതി എം എസ് മാത്യു, പ്രജി കുമാറിന്റെ സുഹൃത്താണെന്നും കടയില്‍ സ്വര്‍ണപ്പണിക്ക് സയനൈഡ് ഉപയോഗിക്കാറുണ്ടെന്നും ശരണ്യ നേരത്തെ മൊഴി നല്‍കിയിരുന്നു. ഇതോടെ കേസില്‍ കൂറുമാറിയവരുടെ എണ്ണം ആറായി. ജോളിയുടെ ഭര്‍ത്തൃമാതാവ് അന്നമ്മ തോമസ് ഉള്‍പ്പെടെ ഭര്‍ത്താവിന്റെ കുടുംബത്തിലെ ആറ് പേരാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. 2019-ലാണ് കേരളത്തെ നടുക്കിയ കൊലപാതകങ്ങളുടെ വിവരം പുറത്തറിഞ്ഞത്. കൂടത്തായി പൊന്നാമറ്റം തറവാട്ടില്‍ 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചതോടെയാണ് ജോളിയും കൂടത്തായിയും വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്റെ മരണം ആയിരുന്നു കൊലപാതക പരമ്ബരയില്‍ ആദ്യത്തേത്. ആട്ടിൻ സൂപ്പ് കഴിച്ചതിന് പിന്നാലെ അന്നമ്മ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു. പിന്നീട് അന്നമ്മയുടെ ഭര്‍ത്താവ് ടോം തോമസും മകൻ റോയ് തോമസും സമാന സാഹചര്യത്തില്‍ മരിച്ചു. പിന്നാലെ അന്നമ്മയുടെ സഹോദരൻ എം.എം മാത്യു, ടോം തോമസിന്റെ സഹോദരന്റെ മകൻ ഷാജുവിന്റെ ഒരു വയസ്സുള്ള മകള്‍ ആല്‍ഫൈൻ, ഷാജുവിന്റെ ഭാര്യ ഫിലി എന്നിവരും മരിച്ചു. ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സ്പെഷ്യല്‍ ബ്രാഞ്ച് സബ് ഇൻസ്പെക്ടര്‍ ജീവൻ ജോര്‍ജിന്റെ റിപ്പോര്‍ട്ട് വഴിത്തിരിവായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആറു മരണങ്ങളും കൊലപാതകമെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

Share the News
Exit mobile version