Kerala Times

സാമ്പത്തീക പ്രതിസന്ധി അതിരൂക്ഷം; ശമ്പളം നൽകാൻ കടമെടുക്കണം ; സഹകരണബാങ്കുകളിൽ നിന്നും കടമെടുക്കും..

കൊച്ചി: അടുത്തമാസം ശമ്പളം കൊടുക്കാൻ സഹകരണ

ബാങ്കുകളിൽ നിന്നു കടമെടുക്കാൻ സർക്കാർ. ശമ്പളവും പെൻഷനും നൽകാൻ പോലും ബുദ്ധിമുട്ടുന്ന രീതിയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണു സംസ്ഥാനം നേരിടുന്നത്. കഴിഞ്ഞവർഷം കൂടുതൽ വിഹിതം നൽകിയതിനാൽ, ഈ വർഷം ബാക്കി തുകയേ നൽകൂവെന്ന കേന്ദ്ര നിലപാടും സംസ്ഥാനത്തിനു തിരിച്ചടിയാണ്. അതേ സമയം, പ്രതിസന്ധി ചൂണ്ടിക്കാട്ടി കേന്ദ്രത്തിനു ശക്തമായ ഭാഷയിൽ കത്തെഴുതാൻ ഒരുങ്ങുകയാണു കേരളം.

ചെലവഴിക്കാത്ത പദ്ധതി വിഹിതത്തിനു പുറമേ വായ്‌പയും വാങ്ങി ശമ്പളം നൽകാനാണു സർക്കാർ ശ്രമിക്കുന്നത്. പെൻഷൻ വിതരണത്തിനായി രൂപീകരിച്ച സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനിയാണു സഹകരണ ബാങ്കുകളിൽ നിന്നു വായ്‌പയെടുക്കുക. വായ്പയ്ക്കു സർക്കാർ ഗാരണ്ടി നിൽക്കും. 8.80 ശതമാനം പലിശയ്ക്കെടുക്കുന്ന വായ്‌പ ഒരു വർഷം കൊണ്ടു തിരിച്ചടയ്ക്കാമെന്നാണു ധാരണ. പ്രതിമാസം പലിശയടച്ച ശേഷം മുതൽ തുക ഒടുവിൽ ഒരുമിച്ച് അടയ്ക്കും.ആവശ്യത്തിനു പണം കൈവശമുള്ള പ്രാഥമിക സഹകരണ സൈാസെറ്റികൾ, പ്രാഥമിക കാർഷിക സഹകരണ സൈാസൈറ്റികൾ, എംപ്ലോയീസ് കോഓപ്പറേറ്റീവ് സൈാസെറ്റികൾ എന്നിവയുടെ കൺസോർഷ്യമാകും വായ്‌പ നൽകുക. കണ്ണൂരിലെ മാടായി സഹകരണ ഗ്രാമീണ ബാങ്കാണ് കൺസോർഷ്യത്തിന്റെ ഫണ്ട് കൈകാര്യം ചെയ്യുക. കേരള ബാങ്കിൽ ഇതിനായി പ്രത്യേക അക്കൗണ്ട് ആരംഭിക്കും.

ഫണ്ട് മാനേജരും പെൻഷനും കമ്പനിയും തമ്മിൽ ഒപ്പിടുന്ന കരാർ പ്രകാരമാകും വായ്‌പകൈമാറുക. കടമെടുപ്പിലെ കേന്ദ്ര നിയന്ത്രണവും ക്ഷേമനിധി ബോർഡുകൾ വഴിയുള്ള താൽക്കാലിക കടമെടുപ്പിൽ വന്ന പ്രതിസന്ധിയും പരിഗണിച്ച് ക്ഷേമ പെൻഷൻ വിതരണത്തിന് സഹകരണ ബാങ്കുകളിൽ നിന്ന് 2,000 കോടി രൂപ സമാഹരിക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു.

നികുതി പിരിവിൽ പിന്നിലെന്നു കേന്ദ്രം

അതേ സമയം, കേരളത്തിൽ നികുതി പിരിവ് വളരെ കുറവാണെന്നാണു കേന്ദ്രത്തിൻ്റെ നിലപാട്. നികുതി കുടിശിക പിരിച്ചെടുക്കാൻ സർക്കാർ ശ്രമിക്കുന്നില്ല. കിട്ടാനുള്ള നികുതി വരുമാനത്തിൻ്റെ 25 ശതമാനം നികുതി തമിഴ്‌നാട് പിരിച്ചെടുത്തു കഴിഞ്ഞു. എന്നിട്ടും കേരളം ഇക്കാര്യത്തിൽ ഏറെ പിന്നിലാണെന്നാണു കേന്ദ്രത്തിന്റെ വാദം. വൻകിട സ്ഥാപനങ്ങൾ കോടികളുടെ വിൽപന നികുതി കുടിശികയാണു വരുത്തിയിട്ടുള്ളത്. അവ പിരിച്ചെടുക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. വലിയ ക്ലബുകൾ നികുതിയിനത്തിൽ സർക്കാരിനു നൽകാനുള്ളതു കോടികളാണ്. ജപ്തി നടപടി തുടങ്ങുമ്പോൾ തന്നെ മന്ത്രി ഇടപെട്ടു തടയുകയാണു ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. നടപടികൾ നിർത്തി വയ്ക്കാൻ മന്ത്രിയ്ക്കുള്ള സവിശേഷ അധികാരമുപയോഗിച്ചാണിത്…

Share the News
Exit mobile version