Kerala Times

കൊച്ചിയിൽ നിന്നുള്ള വിമാനം ദുബൈയിൽ ഇടിച്ചിറക്കി; പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായി അധികൃതർ

ചട്ടങ്ങൾ പ്രകാരം പൈലറ്റിനെ അന്വേഷണം കഴിയുന്നത് വരെ ജോലിയിൽ നിന്ന് മാറ്റി നിർത്തേണ്ടതുണ്ടെന്നാണ് എയർ ഇന്ത്യ വക്താവ് അറിയിച്ചത്…

ദുബൈ: എയർ ഇന്ത്യ വിമാനം ദുബൈ വിമാനത്താവളത്തിൽ ഇടിച്ചിറക്കിയ സംഭവത്തിൽ പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായി അധികൃതർ അറിയിച്ചു. കൊച്ചിയിൽ നിന്നുള്ള വിമാനം ഡിസംബർ 20നാണ് ദുബൈയിൽ ഹാർഡ് ലാന്റ് ചെയ്തത്. എന്നാൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിരുന്നില്ല. സംഭവത്തെ തുടർന്ന് കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയത്തിന്റെ ചട്ടങ്ങൾ പ്രകാരം അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അത് പൂർത്തിയാകും വരെ പൈലറ്റിനെ ജോലികളിൽ നിന്ന് മാറ്റി നിർത്തുകയാണെന്നും എയർ ഇന്ത്യ വക്താവ് അറിയിച്ചു.

ഇടിച്ചിറക്കിയ എ320 വിമാനം ഒരാഴ്ചയോളം ദുബൈയിൽ നിർത്തിയിട്ട് വിശദമായ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. തുടർന്നാണ് ഇന്ത്യയിലേക്ക് മടങ്ങാൻ അധികൃതർ അനുവദിച്ചത്. താരതമ്യേന പുതിയ വിമാനമായിരുന്നത് കൊണ്ടാണ് ഹാർഡ് ലാന്റിങ് നടത്തിയിട്ടും വിമാനത്തിന്റെ ലാന്റിങ് ഗിയറിന് തകരാറുകൾ സംഭവിക്കാതിരുന്നതെന്ന് ചില പൈലറ്റുമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ നൽകുന്ന വിവരമനുസരിച്ച് ഈ വിമാനം പിന്നീട് ഇതുവരെ സർവീസ് നടത്തിയിട്ടില്ല…..

Share the News
Exit mobile version