Kerala Times

ഹോസ്റ്റലിൽ കയറി യുവാക്കളെ, ഭീഷണിപ്പെടുത്തി കവർച്ച, നിയമ വിദ്യാർത്ഥിനി അടക്കം പിടിയിൽ,

*കൊച്ചിയിൽ ഹോസ്റ്റലിൽ കയറി യുവാക്കളെ ഭീഷണിപ്പെടുത്തി കവർച്ച; നിയമവിദ്യാർഥിനി അടക്കം പിടിയിൽ*

കൊച്ചി: ഇടുക്കി /. നഗരത്തിൽ മുല്ലക്കൽ
റോഡിലെ ഹോസ്റ്റലിൽ കയറി യുവാക്കളെ ഭീഷണിപ്പെടുത്തി അഞ്ച് മൊബൈൽ ഫോണുകളും സ്വർണമാലയും മോതിരവും കവർന്ന കേസിൽ നിയമ വിദ്യാർഥിനി അടക്കം നാലുപേർ പിടിയിൽ. പോണേക്കര കൂട്ടുങ്ങൽ വീട്ടിൽ സെജിൻ പയസ് (21), ആലപ്പുഴ പാണാവള്ളി തൃച്ചാറ്റുകുളം കയിസ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ എടയാട്ടിൽ ജയ്‌സൺ ഫ്രാൻസിസ് (39), ആലുവ തായിക്കാട്ടുകര ഡി.ഡി. ഗ്ലോബലിൽ താമസിക്കുന്ന നിയമ വിദ്യാർഥിനി മനു (30) എന്നിവരെയാണ് സൗത്ത് പോലീസ് ഇരിങ്ങാലക്കുട ടൗണിൽനിന്നു പിടികൂടിയത്.

നവംബർ 11-ന് രാത്രി 12-നായിരുന്നു സംഭവം. ഒന്നാം പ്രതി സെജിൻ പയസ് ഹോസ്റ്റലിലെ താമസക്കാരിലൊരാളുടെ കൂട്ടുകാരൻ വഴി ഹോസ്റ്റലിൽ എത്തി, അവിടെ ഉണ്ടായിരുന്നവരുമായി സംസാരിച്ചിരുന്നു. പിന്നീട് മറ്റ് പ്രതികളായ ജയ്സൺ ഫ്രാൻസിസും കയിസും കൂടി ഹോസ്റ്റലിലേക്ക് അതിക്രമിച്ചു കയറി. സിജിൻ എന്നയാളെ അന്വേഷിച്ചു വന്ന സ്ക്വാഡ് ആണെന്നു പറഞ്ഞ് ഇവർ ഹോസ്റ്റലിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ബേസ് ബോൾ സ്റ്റിക്ക് കൊണ്ട് ഹോസ്റ്റലിലുണ്ടായിരുന്നവരെ അടിച്ചു. ജയ്സൺ കൈവശമിരുന്ന ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ഹോസ്റ്റലിലെ അന്തേവാസികളുടെ കൈയിൽനിന്ന് ഫോണുകളും സ്വർണാഭരണങ്ങളും കവർന്നു. ഈ സമയം മനു ഹോസ്റ്റലിനു പുറത്ത് കാറിൽ ഇരിക്കുകയായിരുന്നു. പിന്നീടിവർ കാറിൽ രക്ഷപ്പെട്ടു.

ഊട്ടി, വയനാട് തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ ഇരിങ്ങാലക്കുടയിൽ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. ഹൈവേയിൽ വച്ച് പ്രതികളുടെ വാഹനം പോലീസ് കണ്ടെത്തുകയും തൃശ്ശൂർ സിറ്റി പോലീസിന്റെ സഹായത്തോടെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

സ്വർണാഭരണങ്ങൾ മനുവാണ് പണയം വെച്ചതെന്ന് പോലീസ് പറഞ്ഞു. പിടിയിലായ കയിസ് റൗഡി പട്ടികയിലുൾപ്പെട്ടയാളാണ്. 25 ലക്ഷത്തിന്റെ കുഴൽപ്പണം അപഹരിച്ച കേസിലെ പ്രതിയാണ് ജെയ്‌സൺ. സെജിൻ കഞ്ചാവ് കേസിൽ പ്രതിയാണ്.

Share the News
Exit mobile version