Kerala Times

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി കൊടുത്തു.ചിറക്കടവ് തെക്കേത്ത് കവല സ്വദേശികൾക്കാണ് ചോറ്റി സ്വദേശിനിയായ

കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി കൊടുത്തു.ചിറക്കടവ് തെക്കേത്ത് കവല സ്വദേശികൾക്കാണ് ചോറ്റി സ്വദേശിനിയായ ശോശാമ്മ ജോണിന്റെ മൃതദേഹം മാറിക്കൊടുത്തത്. ആശുപത്രിയിൽ മണിക്കൂറുകൾ നീണ്ട സംഘർഷത്തിനൊടുവിൽ ചിതാഭസ്മം കല്ലറയിൽ അടക്കാൻ കുടുംബം  തീരുമാനിച്ചു. തിങ്കളാഴ്ചയാണ് ചോറ്റി സ്വദേശിനിയായ 86 വയസ്സുകാരി ശോശാമ്മ ജോൺ ഹൃദയാഘാതത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയിൽ മരിക്കുന്നത്. 10 മണിക്ക് കൂട്ടിക്കലിലെ സെന്റ് ലൂക്ക്സ് സിഎസ്ഐ പള്ളിയിൽ സംസ്കരിക്കേണ്ട മൃതദേഹം ഏറ്റുവാങ്ങാനായി എട്ടുമണിയോടെ കുടുംബാംഗങ്ങൾ എത്തിയപ്പോഴാണ് മൃതദേഹം മാറിയ വിവരമറിയുന്നത്

മാറിപ്പോയ മൃതദേഹം ഏറ്റുവാങ്ങിയ ചിറക്കടവ് സ്വദേശി കമലാക്ഷിയമ്മയുടെ വീട്ടുകാർ മൃതദേഹം ദഹിപ്പിച്ചു എന്നറിഞ്ഞതോടെ സംഘർഷമായി. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആശുപത്രി മാനേജ്മെന്റ് കുടുംബാംഗങ്ങളുമായി നടത്തിയ ചർച്ചയിൽ ചിറക്കടവിൽ ദഹിപ്പിച്ച ചിതാഭസ്മം പള്ളിക്കല്ലറയിൽ സംസ്കരിക്കാൻ തീരുമാനമായി. സംസ്കാരം പൂർത്തിയാക്കിയ ശേഷം നിയമനടപടികളിലേക്ക് നീങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം. മൃതദേഹം മകൻ വന്ന് തിരിച്ചറിഞ്ഞ ശേഷമാണ് കൊണ്ടുപോയതെന്നാണ് ആശുപത്രി മാനേജ്മെന്റ് നൽകുന്ന വിശദീകരണം

Share the News
Exit mobile version