Kerala Times

സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ,നിന്ന് ചന്ദനമരം, മോഷണം പോയി,

കട്ടപ്പന./കമ്പംമെട്ടിൽ വഴിയരികില്‍ നിന്ന ചന്ദന മരം മോഷ്ടാക്കള്‍ അപഹരിച്ചു. കരുണാപുരം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ നിന്ന ചന്ദന മരമാണ് മോഷ്ടിച്ചത്. പുളിയന്മല ഫോറസ്റ്റ് സെക്ഷൻ ഓഫീസ് അധികൃതര്‍ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നതെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 28 സെൻറീമീറ്റര്‍ വ്യാസമുള്ള ചന്ദന മരമാണ് മുറിച്ച്‌ മാറ്റിയത്. ചന്ദന മരം അടുത്തുള്ള മരത്തില്‍ കെട്ടി നിര്‍ത്തിയ ശേഷം ചുവട് വെട്ടി മാറ്റുകയായിരുന്നു. തുടര്‍ന്ന് കാതലുള്ള ഭാഗം മുറിച്ച്‌ കടത്തി. ബാക്കി ഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയിലാണ്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുളിയന്മല സെക്ഷൻ ഓഫീസില്‍ നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ് മേഖലയില്‍ ചന്ദന മോഷണം നടക്കുന്നത്. മറയൂര്‍, കാന്തല്ലൂര്‍ മേഖലകള്‍ കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും അധികം ചന്ദന മരങ്ങള്‍ ഉള്ളത് പട്ടം കോളനി മേഖലയിലാണ്. സ്വകാര്യ വ്യക്തികളുടെ കൃഷിയിടത്തിലാണ് ഭൂരിഭാഗം ചന്ദന മരങ്ങളും നില്‍ക്കുന്നത്. ഇവ കഴിഞ്ഞ കാലങ്ങളില്‍ വ്യാപകമായി മോഷ്ടിച്ചു കടത്തിയിരുന്നു.

Share the News
Exit mobile version