Kerala Times

കിൻഫ്ര സ്പൈസസ് പാർക്ക്,ഒക്ടോബർ 14ന്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും,



ഇടുക്കി.മുട്ടത്തെ തുടങ്ങനാട്ടില്‍ ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കിന്‍ഫ്ര സ്‌പൈസസ് പാര്‍ക്ക് ശനിയാഴ്ച (ഒക്ടോബര്‍ 14 ) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി രാജീവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിശിഷ്ടാതിഥിയാകും. 15 ഏക്കര്‍ സ്ഥലത്ത് ഒന്നാം ഘട്ടമായി നിര്‍മ്മിച്ചിരിക്കുന്ന സ്പൈസസ് പാര്‍ക്കിന്റെ ഉദ്ഘാടനമാണ് നടക്കുക. ഏകദേശം 20 കോടി മുതല്‍ മുടക്കിയാണ് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്. ശേഷിക്കുന്ന 21 ഏക്കര്‍ സ്ഥലത്ത് നിര്‍മ്മാണത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഒന്നാംഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വ്യവസായ പ്ലോട്ടുകള്‍ എല്ലാം സംരംഭകര്‍ക്ക് അനുവദിച്ചുകഴിഞ്ഞു. സുഗന്ധവ്യഞ്ജന തൈലങ്ങള്‍, കൂട്ടുകള്‍, ചേരുവകള്‍, കറിപ്പൊടികള്‍, കറിമസാലകള്‍, നിര്‍ജലീകരണം ചെയ്ത സുഗന്ധവ്യഞ്ജനങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്കാണ് സ്ഥലം അനുവദിച്ചിരിക്കുന്നത്. റോഡ്, ശുദ്ധജലം, വൈദ്യുതി തുടങ്ങിയ വ്യവസായികാവശ്യങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ സ്ഥലമാണ് വ്യവസായികള്‍ക്ക് 30 വര്‍ഷത്തേക്ക് നല്‍കുന്നത്. ഡോക്യുമെന്റേഷന്‍ സെന്റര്‍, കോണ്‍ഫറന്‍സ് ഹാള്‍, അസംസ്‌കൃത വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യം, മാര്‍ക്കറ്റിങ് സൗകര്യം, കാന്റീന്‍, ഫസ്റ്റ് എയ്ഡ് സെന്റര്‍ , ക്രഷ് എന്നീ സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഓഫീസ് കെട്ടിട സമുച്ചയം, വിശ്രമകേന്ദ്രം, ശൗചാലയങ്ങള്‍, എ ടി എം കൗണ്ടര്‍ എന്നിവ പാര്‍ക്കില്‍ സജ്ജമാണ്. എല്ലാ വ്യാവസായിക പ്ലോട്ടുകളിലേക്കും പ്രവേശിക്കാവുന്ന റോഡുകള്‍, വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനുള്ള ഓടകള്‍, ചുറ്റുമതില്‍, ശുദ്ധജല വിതരണ ക്രമീകരണങ്ങള്‍ , വൈദ്യുതി വിതരണ സംവിധാനങ്ങള്‍, സ്ട്രീറ്റ് ലൈറ്റുകള്‍, മാലിന്യ നിര്‍മാര്‍ജ്ജന പ്ലാന്റ്, മഴവെള്ള സംഭരണികള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും സ്പൈസസ് പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്.
ഇപ്പോള്‍ കിന്‍ഫ്രയുടെ അധീനതയിലുള്ള ഏകദേശം 37 ഏക്കര്‍ സ്ഥലത്താണ് പാര്‍ക്ക് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിട്ടുള്ളത്. ഇടുക്കി ജില്ലയിലെ സുഗന്ധവ്യഞ്ജനകൃഷിക്കും മൂല്യവര്‍ധിതഉൽപന്ന വ്യവയസായത്തിനും വലിയ കുതിപ്പ് നല്‍കുവാന്‍ സ്പൈസസ് പാര്‍ക്ക് വഴിയൊരുക്കും.

Share the News
Exit mobile version