Kerala Times

ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പ്രത്യേക. ദൗത്യസംഘം. ജില്ലാ കളക്ടർക്ക് ചുമതല.

ഇടുക്കി: ഇടുക്കി ജില്ലയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യ സംഘം രൂപീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. ഇടുക്കി കളക്ടറുടെ നേതൃത്വത്തിലാണ് ദൗത്യ സംഘം പ്രവര്‍ത്തിക്കുക. ഇടുക്കിയിലെ പ്രാദേശിക സിപിഎം ഘടകത്തിന്‍റെ കടുത്ത എതിര്‍പ്പിനിടെയാണ് റവന്യു വകുപ്പ് നടപടി. അനധികൃതക കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന് പിൻപറ്റിയാണ് ഇടുക്കിയിലേക്ക് വീണ്ടും പ്രത്യക ദൗത്യസംഘം എത്തുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ സംഘം പ്രവര്‍ത്തിക്കും. ഭൂരേഖ തഹസില്‍ദാര്‍ അടക്കം രണ്ട് തസഹില്‍ദാറും സംഘത്തിലുണ്ട്. ഓരോ ആഴ്ചയിലും ദൗത്യ സംഘത്തിന്‍റെ പ്രവര്‍ത്തനം റവന്യു കമ്മീഷണറേറ്റ് വിലയിരുത്തും. റവന്യു വകുപ്പ് ജോയിന്‍റ് കമ്മീഷണര്‍ ഇത് പരിശോധിച്ച്‌ ഉറപ്പാക്കണം. ദൗത്യ സംഘത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ നല്‍കാൻ രജിസ്ട്രേഷൻ വകുപ്പ് നല്‍കും. പ്രശ്നമുണ്ടായാല്‍ ഇടപെടാൻ ജില്ലാ പൊലീസ് മേധാവിക്കും നിര്‍ദ്ദേശമുണ്ട്. ദൗത്യ സംഘത്തിന്‍റെ പേരില്‍ ജനങ്ങളുടെ മെക്കട്ട് കയറാൻ ആരെയും അനുവദിക്കില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണി ഇതിനകം തന്നെ നിലപാടെടുത്തിട്ടുണ്ട്. 34 കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതി ഇടപെടല്‍. പാര്‍ട്ടി ഓഫീസുകളടക്കം കെട്ടിടങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ കടുത്ത അഭിപ്രായ വ്യത്യാസം ഭരണമുന്നണിക്ക് അകത്ത് തന്നെ ഉണ്ട്. അതേസമയം കയ്യേറ്റം ഒഴിപ്പിക്കാൻ ഉത്തരവില്‍ പട്ടയം ലഭിക്കാൻ സാധ്യതകളുണ്ടെങ്കില്‍ അത് പരിഗണിക്കുന്നത് അടക്കം പഴുതുകള്‍ ഉള്‍പ്പെടുത്തിയാണ് ദൗത്യ സംഘമെന്നതിനാല്‍ തന്നെ റവന്യു വകുപ്പിന്‍റെ ഉദ്ദേശ ശുദ്ധി മുൻനിര്‍ത്തിയാകും പ്രതിപക്ഷ നീക്കം. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ അയക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച്‌ സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ മൂന്നാറില്‍ ദൗത്യസംഘത്തിന്‍റെ ആവശ്യമൊന്നുമില്ലെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സിവി വര്‍ഗീസിന്റെ പ്രതികരണം.

Share the News
Exit mobile version